July 16, 2026

Idukkionline

idukkivarthaonline

കാട്ടുപന്നി ശല്യം രൂക്ഷം; കൃഷിനാശത്തിൽ പ്രതിഷേധത്തിനൊരുങ്ങി കർഷകർ

കുമളി: അണക്കര, ചക്കുപള്ളം മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ മരച്ചീനി ഉൾപ്പെടെയുള്ള ഭക്ഷ്യവിളകൾ വ്യാപകമായി നശിപ്പിക്കുന്നതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. ഏറ്റവും ഒടുവിൽ ചക്കുപള്ളത്ത് അരയേക്കറിലധികം സ്ഥലത്തെ കപ്പകൃഷിയാണ് പൂർണമായും നശിപ്പിക്കപ്പെട്ടത്. തുടർച്ചയായ കൃഷിനാശത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ കർഷകർ തയ്യാറെടുക്കുകയാണ്.

ചക്കുപള്ളം ആറാംമൈൽ മറ്റപ്പറമ്പിൽ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം അരയേക്കർ സ്ഥലത്തെ കപ്പകൃഷിയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചത്. വിളവെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് ആറുമാസം വളർച്ചയെത്തി മികച്ച വിളവ് പ്രതീക്ഷിച്ചിരുന്ന കപ്പകൃഷി പൂർണമായും നശിച്ചത്. സംഭവത്തിൽ കർഷകന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

കൃഷിയിടങ്ങളിൽ ആവർത്തിച്ച് നാശം വിതയ്ക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. കൃഷിയിടങ്ങളിൽ കടന്നുകയറി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ നിലവിലെ നിയമങ്ങൾ കൂടുതൽ പ്രായോഗികമാക്കണമെന്നും, വന്യമൃഗ ശല്യം നേരിടാൻ കർഷകർക്ക് ഫലപ്രദമായ നിയമപരമായ സംരക്ഷണവും നഷ്ടപരിഹാര സംവിധാനവും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അണക്കര, ചക്കുപള്ളം മേഖലകളിൽ കപ്പ, ചേമ്പ് ഉൾപ്പെടെയുള്ള കിഴങ്ങുവർഗ കൃഷികൾ കാട്ടുപന്നികളുടെ ആക്രമണത്തിൽ പതിവായി നശിക്കുന്നതായി കർഷകർ പറയുന്നു. വന്യമൃഗ ശല്യം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന മുന്നറിയിപ്പും കർഷകർ നൽകുന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!