July 16, 2026

Idukkionline

idukkivarthaonline

അണക്കരയിൽ കാടിറങ്ങിയ കേഴമാനെ തെരുവ് നായകൾ ആക്രമിച്ചു; വനംവകുപ്പ് രക്ഷപ്പെടുത്തി

അണക്കര: കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കേഴമാനെ തെരുവ് നായകൾ കൂട്ടമായി ആക്രമിച്ച് പരുക്കേൽപ്പിച്ചു. ചക്കുപള്ളം കട്ടസൂര്യൻ ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം.

ഏലത്തോട്ടത്തിന് സമീപം എത്തിയ കേഴമാനെ തെരുവ് നായകൾ വളഞ്ഞ് ആക്രമിക്കുന്നത് കണ്ട നാട്ടുകാർ ഉടൻ ഇടപെട്ടു. സ്ഥലത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, സമീപവാസികൾ എന്നിവർ ചേർന്ന് നായ്ക്കളെ തുരത്തിയോടിച്ചാണ് കേഴമാനിനെ രക്ഷപ്പെടുത്തിയത്.

നായ്ക്കളുടെ ആക്രമണത്തിൽ കേഴമാനിന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് കുമളിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) അംഗങ്ങളും സ്ഥലത്തെത്തി പരുക്കേറ്റ കേഴമാനെ സുരക്ഷിതമായി ഏറ്റെടുത്തു.

തുടർന്ന് കുമളിയിലെത്തിച്ച കേഴമാനെ വനംവകുപ്പ് മൃഗഡോക്ടറുടെ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കി. ആരോഗ്യനില തൃപ്തികരമായാൽ ആവശ്യമായ ചികിത്സ പൂർത്തിയാക്കിയ ശേഷം സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

ജനവാസ മേഖലകളിൽ തെരുവ് നായകളുടെ ആക്രമണം വന്യജീവികൾക്കും ഭീഷണിയായി മാറുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!