മഴയ്ക്കായി മുല്ലപ്പെരിയാറിൽ സർവമത പ്രാർത്ഥന; ഒന്നാം കൃഷി അനിശ്ചിതത്വത്തിൽ തമിഴ്നാട് കർഷകർ
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കണമെന്ന പ്രാർത്ഥനയുമായി തമിഴ്നാട്ടിലെ കർഷകർ തേക്കടിയിൽ സർവമത പ്രാർത്ഥനയും പ്രത്യേക പൂജകളും സംഘടിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായി താഴ്ന്നതോടെ ഒന്നാം കൃഷി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ചടങ്ങുകൾ നടന്നത്.
കമ്പം–ചിന്നമന്നൂർ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ തേക്കടിയിലെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപമുള്ള ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടന്നു. തുടർന്ന്, പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം ഒഴുകുന്ന തേക്കടി ഷട്ടർ പരിസരത്ത് ഹിന്ദു, മുസ്ലിം, ക്രൈസ്തവ മതനേതാക്കളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥനയും സംഘടിപ്പിച്ചു.
കമ്പം വാവേർ പള്ളി ചീഫ് ഇമാം മൗലവി അലാവുദ്ദീൻ മിസ്ബാഹി, റെമ റിവൈവൽ ചർച്ച് ബിഷപ്പ് ജ്ഞാനപ്രകാശം, കമ്പം വേലപ്പർ ക്ഷേത്രം അർച്ചകൻ രവി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
തമിഴ്നാട്ടിലെ തേനി ജില്ലയിലെ പതിനാലായിരത്തിലധികം കർഷകരുടെ കൃഷി പ്രധാനമായും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലത്തെ ആശ്രയിച്ചാണ്. സാധാരണയായി എല്ലാ വർഷവും ജൂൺ ആദ്യവാരത്തിൽ ഒന്നാം കൃഷിക്കായി 120 ദിവസത്തേക്ക് 200 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിടാറുണ്ട്. എന്നാൽ, ഇത്തവണ കാലവർഷം ദുർബലമായതും അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കാരണം ജലവിതരണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 112.90 അടിയാണ്. ജലനിരപ്പ് 118 അടി പിന്നിട്ട ശേഷമേ ഒന്നാം കൃഷിക്കായി വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിടാനാകൂ. ഇതോടെ തേനി ജില്ലയിലെ കർഷകർ ആശങ്കയിലാണ്.
2019-ലും സമാന സാഹചര്യത്തിൽ തേക്കടിയിൽ സർവമത പ്രാർത്ഥന സംഘടിപ്പിച്ചിരുന്നുവെന്നും, അതിനുശേഷം ലഭിച്ച ശക്തമായ മഴ ജലനിരപ്പ് ഉയരാൻ സഹായിച്ചതായും കർഷകർ ഓർമ്മിപ്പിച്ചു.
ജില്ലാ കർഷക സംഘം വർക്കിംഗ് പ്രസിഡന്റ് എസ്. മനോഹരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കമ്പം വാവേർ പള്ളി ജമാഅത്ത് പ്രസിഡന്റ് ഹാജി സൈനുലാബുദീൻ അമ്പ, വ്യവസായി രായപ്പൻപട്ടി ആനന്ദൻ, ചെന്നൈ ശെൽവം, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ രാജഗോപാൽ, അസിസ്റ്റന്റ് എൻജിനീയർ മഹേന്ദ്രൻ എന്നിവർ ഉൾപ്പെടെ കർഷക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
