തേക്കടി മന്നാനഗറിൽ കുടിവെള്ളക്ഷാമം രൂക്ഷം; ജല അതോറിറ്റി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
കുമളി: ആദിവാസി മേഖലയായ തേക്കടി മന്നാനഗറിൽ ദിവസങ്ങളായി കുടിവെള്ള വിതരണം നിലച്ചതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ കേരള വാട്ടർ അതോറിറ്റിയുടെ അട്ടപ്പള്ളത്തെ ഓഫീസ് ഉപരോധിച്ചു. വെള്ളിയാഴ്ച മുതൽ ജലവിതരണം പുനഃസ്ഥാപിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
തേക്കടി മന്നാനഗർ അമ്പലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങൾക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടിവെള്ളം ലഭിക്കാതിരുന്നത്. പ്രശ്നം പലതവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ആദ്യം കുടിവെള്ള ടാങ്കുകൾ റോഡിൽ നിരത്തി പ്രതിഷേധിക്കുകയും ഗതാഗതം തടയുകയും ചെയ്തു.
തുടർന്നും അധികൃതർ പ്രശ്നം പരിഗണിക്കാത്തതോടെയാണ് പ്രതിഷേധം കേരള വാട്ടർ അതോറിറ്റിയുടെ അട്ടപ്പള്ളത്തെ ഓഫീസിലേക്ക് മാറ്റിയത്. ഓഫീസ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച പ്രദേശവാസികളുമായി കുമളി പോലീസിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി.
ചർച്ചയിൽ, പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തര ആവശ്യത്തിനായി ടാങ്കർ ലോറികളിലൂടെ കുടിവെള്ളം എത്തിക്കാനും വെള്ളിയാഴ്ച മുതൽ പതിവ് ജലവിതരണം പുനരാരംഭിക്കാനുമുള്ള ഉറപ്പ് ലഭിച്ചതായി പഞ്ചായത്തംഗം അഞ്ചു ബോബി അറിയിച്ചു.
അതേസമയം, തുടർച്ചയായ വൈദ്യുതി തടസവും കൊല്ലംപട്ടട പമ്പ് ഹൗസിൽ നടക്കുന്ന അറ്റകുറ്റപ്പണികളുമാണ് ജലവിതരണം മുടങ്ങാൻ കാരണമായതെന്ന് വാട്ടർ അതോറിറ്റി അധികൃതർ വിശദീകരിച്ചു.
വെള്ളിയാഴ്ചയും ജലവിതരണം പുനരാരംഭിച്ചില്ലെങ്കിൽ പഞ്ചായത്തിലാകെ വെള്ളം വിതരണം ചെയ്യുന്ന തേക്കടി പമ്പ് ഹൗസ് ഉപരോധിച്ച് സമരം ശക്തമാക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
