തേനിയിലെ ഞെട്ടിക്കുന്ന കൊലപാതകം; മദ്യലഹരിയിൽ തർക്കിച്ച മകനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് നദിയിൽ തള്ളി, മൂന്ന് വർഷങ്ങൾക്ക് ശേഷം പിതാവടക്കം പിടിയിൽ
തേനി: തമിഴ്നാട്ടിലെ തേനിയിൽ മദ്യലഹരിയിൽ പതിവായി തർക്കിച്ചിരുന്ന മകനെ പിതാവ് സുഹൃത്തുക്കളുമായി ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി നദിയിൽ ഉപേക്ഷിച്ചെന്ന കേസിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം സി.ബി.സി.ഐ.ഡി. പൊലീസ് പിതാവടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.
തേനി എം.ജി.ആർ നഗർ സ്വദേശിയായ ബാലമുരുകൻ അഥവാ വേന്തർ ബാല (49) തമിഴ്നാട് മക്കൾ മുന്നേറ്റ കഴകത്തിന്റെ കിഴക്കൻ ജില്ലാ സെക്രട്ടറിയാണ്. ആദ്യഭാര്യ രാജലക്ഷ്മിയുമായുള്ള ബന്ധത്തിൽ ശ്രീകാന്ത് (20) എന്ന മകനുണ്ട്. പിന്നീട് കുടുംബവിവാദത്തെ തുടർന്ന് ബാലമുരുകൻ രണ്ടാം വിവാഹം കഴിച്ചിരുന്നു.
ശ്രീകാന്ത് തന്റെ ജീവിതച്ചെലവിനും ഭാവിക്കും ആവശ്യമായ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് മദ്യലഹരിയിൽ പിതാവുമായി നിരന്തരം തർക്കിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2023 സെപ്റ്റംബർ 7-ന് വീട്ടിൽ നിന്ന് പുറത്തുപോയ ശ്രീകാന്ത് പിന്നീട് തിരിച്ചെത്തിയില്ല. അമ്മ രാജലക്ഷ്മിയും പിതാവ് ബാലമുരുകനും വിവിധ സ്ഥലങ്ങളിൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രാജലക്ഷ്മി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് സി.ബി.സി.ഐ.ഡി.ക്ക് കൈമാറി അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു.
2026 ഏപ്രിലിൽ അന്വേഷണം ഏറ്റെടുത്ത സി.ബി.സി.ഐ.ഡി. ഉദ്യോഗസ്ഥർ ബാലമുരുകന്റെ സുഹൃത്തായ തേനി ഫോറസ്റ്റ് റോഡ് സ്വദേശിയായ അലെക്സിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.
അലെക്സിന്റെ മൊഴിപ്രകാരം, ബാലമുരുകൻ, അലെക്സ്, അരണമനൈപുതൂർ മുല്ലൈ നഗർ സ്വദേശിയായ കരുപ്പസാമി എന്നിവർ ചേർന്ന് ശ്രീകാന്തിനെ കാണാതായ ദിവസം വയൽപട്ടി സമീപത്തെ മുല്ലപ്പെരിയാർ നദിക്കരയിലെ ശ്മശാനത്തിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി മുല്ലപ്പെരിയാർ നദിയിൽ ഉപേക്ഷിച്ചു.
അന്ന് ശക്തമായ മഴയെ തുടർന്ന് നദിയിൽ വലിയ ഒഴുക്കുണ്ടായിരുന്നതിനാൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ലെന്നും, മൃതദേഹം വെട്ടാൻ ഉപയോഗിച്ച കത്തികൾ തേനി–മധുര റോഡിലെ താമരക്കുളത്തിൽ എറിഞ്ഞുവെന്നും അലെക്സ് മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ജെ.സി.ബി. ഉപയോഗിച്ച് താമരക്കുളം കുഴിച്ചപ്പോൾ കൊലപാതകത്തിൽ ഉപയോഗിച്ചതായി കരുതുന്ന രണ്ട് കത്തികൾ സി.ബി.സി.ഐ.ഡി. കണ്ടെത്തി.
തുടർന്ന് ബാലമുരുകനെയും അലെക്സിനെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഒളിവിലുള്ള കരുപ്പസാമിക്കായി സി.ബി.സി.ഐ.ഡി. പൊലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്.
മകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് നദിയിൽ തള്ളിയശേഷം, മകനെ തിരയുന്നതായി നടിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ച പിതാവിന്റെ പങ്ക് പുറത്തുവന്ന സംഭവം തമിഴ്നാട്ടിൽ വലിയ ചർച്ചയ്ക്കും ഞെട്ടലിനും ഇടയാക്കിയിരിക്കുകയാണ്.
