July 16, 2026

Idukkionline

idukkivarthaonline

കുമളിയിൽ മാർഗതടസ്സമായി പൊലീസ് ടെന്റ്; ദേശീയപാതയിൽ രൂക്ഷ ഗതാഗതക്കുരുക്ക്, പ്രതിഷേധവുമായി നാട്ടുകാർ

കുമളി: കേരള–തമിഴ്നാട് അതിർത്തിയായ കുമളി ചെക്ക് പോസ്റ്റിൽ കേരള പൊലീസ് സ്ഥാപിച്ച ടെന്റ് ദേശീയപാതയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി. റോഡിന്റെ പകുതിയോളം ഭാഗം കൈയേറി ടെന്റ് സ്ഥാപിച്ചിരിക്കുന്നതിനാൽ ഒരേസമയം ഒരു വാഹനത്തിന് മാത്രമാണ് ഇതുവഴി കടന്നുപോകാൻ കഴിയുന്നത്. ഇത് കുമളി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി മാറിയെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം.

കേരള–തമിഴ്നാട് അതിർത്തി വഴി ദിവസേന നൂറുകണക്കിന് ചരക്ക് വാഹനങ്ങളും വിനോദസഞ്ചാര വാഹനങ്ങളും ഉൾപ്പെടെ വലിയ വാഹനഗതാഗതമാണ് നടക്കുന്നത്. എന്നാൽ റോഡിന്റെ നടുവിലായി ടെന്റ് സ്ഥാപിച്ചതോടെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമുണ്ടാകുകയും ഇരുവശത്തും നീണ്ട വാഹനനിര രൂപപ്പെടുകയും ചെയ്യുന്നു.

പരിശോധനയ്ക്കായി സ്ഥാപിച്ച ടെന്റിൽ മിക്ക സമയങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെയോ മറ്റ് പരിശോധനാ സംഘങ്ങളെയോ കാണാറില്ലെന്നും, പലപ്പോഴും പൊലീസ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായാണ് ഇത് ഉപയോഗിക്കപ്പെടുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ടെന്റിന് സമീപം, എക്സൈസ് ചെക്ക് പോസ്റ്റിനോട് ചേർന്ന് ആവശ്യത്തിന് സ്ഥലം ലഭ്യമായിരിക്കെ റോഡിലേക്ക് ഇറക്കി ടെന്റ് സ്ഥാപിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്നാണ് ആക്ഷേപം. ഇതുമൂലം തമിഴ്നാട്ടിൽ നിന്ന് ചുരം കയറി എത്തുന്ന വാഹനങ്ങൾക്ക് കുമളി കടന്നുപോകാൻ പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

ടെന്റ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ബന്ധപ്പെട്ട അധികാരികളെ നിരവധി തവണ അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ കുമളി പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം തൃപ്തികരമല്ലെന്നും ആക്ഷേപമുണ്ട്.

ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി റോഡിലെ ടെന്റ് ഉടൻ നീക്കം ചെയ്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!