April 19, 2026

Idukkionline

idukkivarthaonline

കുമളിയിൽ ആദിവാസി യുവതി സ്വന്തം കുടിലിനുള്ളിൽ കുഞ്ഞിനു ജന്മം നല്കി.ആശാ പ്രവർത്തകയുടെ അവസരോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ രക്ഷിച്ചത്.

കുമളി മന്നാക്കുടിയിൽ കണ്ണന്റെ ഭാര്യ വിനീതയാണ് ഞായറാഴ്ച രാത്രി ആശുപത്രിയിൽ പോകാൻ വാഹനം ലഭിക്കാതെ വന്നതോടെ വീടിനുള്ളിൽ പ്രസവിച്ചത്. ഭാര്യക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ കണ്ണൻ ആശാ വർക്കറായ ജൈനമ്മ രാജനെ വിവരം അറിയിച്ചു. രാത്രി 11.30ഓടെ ഇവരെ ആശുപത്രിയിൽ എത്തിക്കാനായി ജൈനമ്മ മുട്ടിയ വാതിലുകൾ എല്ലാം അടഞ്ഞു. ആംബുലൻസ് ലഭിക്കാൻ വാർഡ് മെമ്പർ മുതൽ പോലീസ് സ്റ്റേഷനിൽ വരെ വിവിധ സ്ഥലങ്ങളിൽ ബന്ധപ്പെട്ടു. പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോൺ അറ്റൻഡ് ചെയ്യാൻ പോലും ആളില്ലായിരുന്നു. മറ്റിടങ്ങളിൽ നിന്ന് ഡ്രൈവർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ജൈനമ്മ പറഞ്ഞുസ്ഥലത്ത് എത്തിയ ജൈനമ്മയും ഭർത്താവും ആശുപത്രിയിൽ പോകാൻ വാഹനം പ്രതീക്ഷിച്ചു നിൽക്കുന്ന വിനീതയെയും ഭർത്താവിനെയുമാണ് കണ്ടത്. വിനീതയുടെ അവസ്ഥ മോശമായതിനാൽ അവിടെ ഉണ്ടായിരുന്നവരുടെ സഹായത്തോടെ ജൈനമ്മ അവരുടെ വീട്ടിനുള്ളിൽ എത്തിച്ചു. വീട്ടിൽ എത്തി നിമിഷങ്ങൾക്കുള്ളിൽ വിനീത പ്രസവിച്ചു. ഈ സമയം ആംബുലൻസിനായി ജൈനമ്മ ബന്ധപ്പെട്ട ക്രോസ് എന്ന സംഘടനയുടെ പ്രവർത്തകനായ ബിജു തന്റെ സ്വന്തം വാഹനവുമായി സ്ഥലത്തു എത്തി. 12.30 ആയപ്പോഴേക്കും കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തു എത്തി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് ആശുപത്രിയിൽ എത്താൻ വാഹനം ലഭിക്കാതിരുന്നത് ഗൗരവമായി കാണുന്നതായും പഞ്ചായത്ത്‌ അധികൃതരുമായി സംസാരിച്ച് ആശുപത്രി വികസന സമിതിയിൽ ഇക്കാര്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോക്ടർ ഗീതു വര്ഗീസ് പറഞ്ഞു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!