October 14, 2026

വിളവെടുപ്പ് സീസണില്‍ കര്‍ഷകരെ കരയിച്ച് കറുത്ത പൊന്ന്

പതിവുപോലെ വിളവെടുപ്പ് സമയത്ത് കര്‍ഷകരെ കരയിച്ച് കറുത്തപൊന്ന്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറവായ സീസണില്‍ വിലയും കുറഞ്ഞു നിന്നതാണ് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ വില വര്‍ധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ കയറ്റം ഉണ്ടായില്ല. നിലവില്‍ 325-328 രൂപയാണ് കുരുമുളകിന് ലഭിക്കുന്നത്. പച്ചക്കുരുമുളകിന് 100 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 2015ലാണ് കറുത്തപൊന്നിന് മികച്ച വില ലഭിച്ചത്. കിലോയ്ക്ക് 740 രൂപ വരെ അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഓരോ വര്‍ഷവും വില കുത്തനെ ഇടിയുന്നതായിരുന്നു പതിവ്. 2020ല്‍ വില 280ലെത്തിയിരുന്നു. ഈ വര്‍ഷം ഇതിലും ഭേദപ്പെട്ട് 300 കടന്നെങ്കിലും ലാഭകരമായ വില ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നിലവിലെ തൊഴിലാളി കൂലിയും വളം, കീടനാശിനി വിലയും ജീവിത ചിലവും ഈ വിലയുമായി ഒത്തു പോകുന്നതല്ലെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 500 മുതല്‍ 600 രൂപവരെയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കേണ്ടി വരുന്നത്. ഉയരം കൂടിയ മരങ്ങളിലും മറ്റും കുരുമുളക് ചെടി വളര്‍ന്നു നില്‍ക്കുന്നതിനാല്‍ പലപ്പോഴും എല്ലാ കര്‍ഷകര്‍ക്കും സ്വയം വിളവെടുപ്പ് സാധ്യമാകുകയുമില്ല.
ഇത്തവണ കാലാവസ്ഥയിലുണ്ടായ മാറ്റവും രോഗങ്ങളും വിളവിനെ സാരമായി ബാധിച്ചെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിട്ടിട്ടുണ്ടെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഉയര്‍ന്നിട്ടില്ല. കള്ളക്കടത്ത് അടക്കമുള്ളവയാണ് വില ഇടിവിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

✍️VR Vijayan

Copyright © All rights reserved. | Newsphere by AF themes.