April 18, 2026

Idukkionline

idukkivarthaonline

നിതിന്റെ മരണം… മരണത്തിന് മിനിറ്റുകൾക്ക് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്…

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ കോളജ് അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിനെ മാനസികമായി തളർത്തുന്ന രീതിയിലുള്ള ചോദ്യം ചെയ്യലുകൾ നടന്നതായാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

പ്രിൻസിപ്പൽ ഡോ. വിനോദ് മണിയുടെ മുറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ പ്രിൻസിപ്പൽ നിതിനോട് അതിരൂക്ഷമായ ഭാഷയിൽ കയർക്കുന്നതും ശബ്ദമുയർത്തി സംസാരിക്കുന്നതും വ്യക്തമാണ്. നിതിന്റെ ഫോണിലെ വിവരങ്ങൾ പരിശോധിക്കുന്ന പ്രിൻസിപ്പൽ, ലോൺ ആപ്പുകളെക്കുറിച്ച് ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു അധ്യാപികയുടെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് കോൾ വന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് നിതിനെ പ്രിൻസിപ്പൽ വിളിച്ചുവരുത്തിയത്. ലത ടീച്ചർ എന്ന അധ്യാപികയും മറ്റ് മൂന്ന് അധ്യാപകരും ഈ സമയം മുറിയിലുണ്ടായിരുന്നു. ലോൺ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങളെക്കുറിച്ച് നിതിൻ വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രിൻസിപ്പൽ നിതിനെ ശകാരിക്കുകയാണ് ചെയ്യുന്നത്.

അധ്യാപികയുടെ ഫോണിലേക്ക് ലോൺ ആപ്പുകാരുടെ കോൾ വരുന്ന സമയത്ത് പ്രിൻസിപ്പൽ തന്നെ ഫോൺ വാങ്ങി അവരോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. റെഫറൻസ് ലിസ്റ്റിൽ നിന്ന് ടീച്ചറുടെ പേര് ഒഴിവാക്കാൻ ആവശ്യപ്പെടുമ്പോൾ, പേയ്‌മെന്റ് പൂർത്തിയാകാതെ അത് സാധ്യമല്ലെന്ന് ലോൺ ആപ്പുകാർ പറയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ സംഭവങ്ങൾ നടന്ന് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് നിതിൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്. ലോൺ ആപ്പ് കടബാധ്യതയും അതോടൊപ്പം കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവുമാണ് നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഈ ദൃശ്യങ്ങളോടെ കൂടുതൽ ശക്തമായിരിക്കുകയാണ്. പുറത്തുവന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!