വിസ തട്ടിപ്പ്: കോടികൾ തട്ടിയ പ്രതി ഇടുക്കിയിൽ പിടിയിൽ
ഇടുക്കി: യൂറോപ്യൻ രാജ്യമായ ലക്‌സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിയെ ഇടുക്കി പോലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെയാണ് ചെറുതോണിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പിനിരയായവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ബേക്കറി ജോലി, പാക്കിംഗ്, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ലക്‌സംബർഗിൽ ലഭ്യമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ഇയാൾ ആളുകളിൽ നിന്ന് പണം ഈടാക്കിയത്. ഒരു വിസയ്ക്ക് 25 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്. അഡ്വാൻസായി 10 ലക്ഷം രൂപയും, തുടർന്ന് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ട് ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലായിരുന്നു പണം വാങ്ങിയത്. പണം വാങ്ങുമ്പോൾ നോട്ടറി വക്കീൽ നൽകിയ രസീതുകളും ഇയാൾ നൽകുകയും ഉദ്യോഗാർത്ഥികളിൽ നിന്ന് 13 ലക്ഷം രൂപയുടെ ചെക്കും കൈപ്പറ്റുകയും ചെയ്തിരുന്നു.
ഇടുക്കി ജില്ലയിലെ മണിയാറൻകുടിയിലെ പത്തോളം പേരിൽ നിന്ന് മാത്രം 87 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കി. മണിയാറൻകുടിയിലെത്തിയ പ്രതി രണ്ട് യുവാക്കളെ കണ്ടുമുട്ടി സൗജന്യമായി വിസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇവരിലൂടെ മറ്റു ആളുകളിൽ നിന്ന് പണം ശേഖരിക്കുകയായിരുന്നു. വീടും സ്ഥലവും പണയം വെച്ചും സ്വർണം വിറ്റുമാണ് പലരും ഇയാൾക്ക് പണം നൽകിയതെന്ന് വിവരം.
വിസ ലഭിക്കാതായതോടെ വഞ്ചിക്കപ്പെട്ടവർ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പരസ്പരം ബന്ധപ്പെട്ടു. ഇതിനിടെ വ്യാഴാഴ്ച ഇയാൾ ചെറുതോണിയിലെ ഒരു വക്കീൽ ഓഫീസിൽ പത്ത് പേരിൽ നിന്ന് പണം വാങ്ങാൻ എത്തുമെന്ന വിവരം ലഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കാത്തുനിന്നിരുന്ന ആളുകൾ രാവിലെ 11 മണിയോടെ ഓഫീസിലെത്തിയ പ്രതിയെ വളഞ്ഞ് തടഞ്ഞുവച്ചു.
പണം തിരികെ നൽകാൻ ഒരു മാസം സമയം ആവശ്യപ്പെട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. ഇതിനിടെ ഡൽഹിയിലുള്ള ഇയാളുടെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിയെ വിളിച്ച് ഭർത്താവിനെ തടഞ്ഞുവച്ചതായി അറിയിച്ചു. തുടർന്ന് പോലീസെത്തി റോയി ജോസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വ്യാഴാഴ്ച 10 ലക്ഷം രൂപ വീതം പത്ത് പേരിൽ നിന്ന് പണം വാങ്ങാനാണ് ഇയാൾ ചെറുതോണിയിലെത്തിയത്. എന്നാൽ തട്ടിപ്പിനിരയായവരുടെ സമയോചിത ഇടപെടലിലൂടെ പത്ത് പേർ കൂടി തട്ടിപ്പിൽപ്പെടുന്നത് ഒഴിവായി. വലിയ വിസ തട്ടിപ്പ് സംഘത്തിലെ കണ്ണിയായിരിക്കാമെന്നാണ് പോലീസിന്റെ സംശയം.
പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ ഓഫീസുകളുണ്ടെന്ന് ഇയാൾ പറഞ്ഞിരുന്നുവെന്നും മൂലമറ്റം, മണിയാറൻകുടി, കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം, തൊടുപുഴ, തൃശ്ശൂർ എന്നിവിടങ്ങളിലായി ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നുമാണ് പോലീസിന് ലഭിച്ച വിവരം.
അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
