തലവേദനയായി അരിക്കൊമ്പന്‍; മേഘമലയില്‍ സഞ്ചാരികള്‍ക്ക് വിലക്ക്, ജിപിഎസ് കോളര്‍ സിഗ്നല്‍ നല്‍കുന്നില്ലെന്നും തമിഴ്‌നാട്
അരിക്കൊമ്പന്റെ ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ലെന്ന് തമിഴ്‌നാട്. ജനവാസ മേഖലയിലേക്കിറങ്ങുന്ന അരിക്കൊമ്പന്‍ തമിഴ്‌നാട് വനംവകുപ്പിന് തലവേദനയായിരിക്കുകയാണ്. സിഗ്നല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന വിവരം പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ ഉള്‍പ്പടെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപമാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. മേഘമലയിലേക്ക് വിനോദസഞ്ചാരികളെ തമിഴ്‌നാട് വിലക്കിയിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ വനംവകുപ്പ് മടക്കി അയക്കുകയും ചെയ്തിരുന്നു. നിരോധനാജ്ഞ പുറപ്പെടുവിച്ചു എന്ന പ്രചാരണം തമിഴ്നാട് വനംവകുപ്പ് നിഷേധിച്ചു. സഞ്ചാരികൾക്കും യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി അരിക്കൊമ്പന്‍ കാടിന് പുറത്തിറങ്ങി ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചിന്നമന്നൂര്‍ റേഞ്ച് ഓഫീസര്‍ ടി ശിവാജിയും വനപാലകരും യാത്ര ചെയ്തിരുന്ന വാഹനം അരിക്കൊമ്പന്റെ മുന്നില്‍പ്പെട്ടിരുന്നു. റേഡിയോ കോളര്‍ കണ്ടതോടെയാണ് അരിക്കൊമ്പനെ തിരിച്ചറിഞ്ഞത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. പ്രദേശത്ത് തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.
മേഘമല, ഹൈവേയ്സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്‌റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടു ചേർന്നാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല.
അരിക്കൊമ്പൻ പിൻവാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ചിന്നമന്നൂരിൽ നിന്ന് തമിഴ്നാട് വനം വകുപ്പിന്റെ ചെക്പോസ്റ്റ് കടന്നു വേണം മേഘമലയിൽ എത്താൻ. ഇന്നലെ ഈ ചെക്പോസ്റ്റിൽ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചു.
