June 21, 2026

Idukkionline

idukkivarthaonline

ഇടുക്കിയിൽ ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; 18 ദിവസത്തിനിടെ 177 പേർ അറസ്റ്റിൽ

ഇടുക്കി: ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ഇടുക്കി ജില്ലയിൽ ശക്തമായി തുടരുന്നു. വെറും 18 ദിവസത്തിനിടെ ലഹരിമാഫിയക്കെതിരെ വ്യാപക നടപടി സ്വീകരിച്ച പോലീസ് 164 കേസുകൾ രജിസ്റ്റർ ചെയ്യുകയും 177 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ 4,367 പേരെ വിശദമായി പരിശോധിച്ചു. പരിശോധനകളിൽ 14.246 കിലോഗ്രാം കഞ്ചാവും 6.3 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. കൂടാതെ ഒൻപത് കഞ്ചാവ് ചെടികളും 77 കഞ്ചാവ് ബീഡികളും പോലീസ് കണ്ടുകെട്ടി.

തമിഴ്നാട് അതിർത്തികളിലൂടെയും ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്നെത്തുന്ന അന്തർസംസ്ഥാന വാഹനങ്ങളിലൂടെയും ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ പുലർച്ചെ പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ലഹരിയുടെ ഉറവിടം കണ്ടെത്താൻ അയൽസംസ്ഥാന പോലീസുമായി ചേർന്ന് സംയുക്ത അന്വേഷണവും പുരോഗമിക്കുകയാണ്.

ലഹരിവ്യാപനത്തിനെതിരായ നിയമനടപടികൾക്കൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും പോലീസ് പ്രാധാന്യം നൽകുന്നുണ്ട്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുവരെ 189 ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാകുന്ന യുവാക്കളെ കൗൺസിലിംഗിലൂടെയും എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ പദ്ധതിയിലൂടെയും മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടികളും തുടരുകയാണ്.

സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി ജില്ലയിലുടനീളം തുടരുമെന്ന് പോലീസ് അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!