June 21, 2026

Idukkionline

idukkivarthaonline

ഇടുക്കി ചിന്നക്കനാലിൽ കടുവയുടെ ആക്രമണം; വളർത്തുപശുവിനെ കൊന്ന് ഭക്ഷിച്ചു, ഭീതിയിൽ നാട്ടുകാർ

ചിന്നക്കനാൽ: ഇടുക്കി ജില്ലയിലെ മലയോര മേഖലയെ വീണ്ടും ആശങ്കയിലാഴ്ത്തി ചിന്നക്കനാൽ ബി.എൽ. റാം ഈട്ടിത്തേരിയിൽ കടുവയുടെ ആക്രമണം. പ്രദേശവാസിയായ നെടുംപറമ്പിൽ മാത്യു വർഗീസിന്റെ ഉടമസ്ഥതയിലുള്ള വളർത്തുപശുവിനെ കടുവ ആക്രമിച്ച് കൊന്ന നിലയിൽ കണ്ടെത്തി.

ഈ മാസം 19 മുതൽ കാണാതായിരുന്ന പശുവിനെ ഇന്ന് നടത്തിയ തിരച്ചിലിലാണ് ഈട്ടിത്തേരി ഭാഗത്ത് കടുവ ആക്രമിച്ച് ഭാഗികമായി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കടുവയുടെ സഞ്ചാരപാതയും നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് ഉടൻ ട്രാപ്പ് ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. വന്യമൃഗം വീണ്ടും ജനവാസ മേഖലയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികളും കർഷകരും നിത്യേന സഞ്ചരിക്കുന്ന ബി.എൽ. റാം മേഖലയിലാണ് സംഭവം നടന്നത്. ഇതോടെ പ്രദേശത്ത് കടുത്ത ഭീതി നിലനിൽക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കടുവയെ നിരീക്ഷിച്ച് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!