June 21, 2026

Idukkionline

idukkivarthaonline

മനുഷ്യത്വത്തിന്റെ ‘സേനാപതി’മാർക്ക് പൂപ്പാറയിൽ ആദരം

പൂപ്പാറ: രാജകുമാരി മുരിക്കുംതൊട്ടിയിൽ നടന്ന ദാരുണമായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ആംബുലൻസിനായി കാത്തുനിൽക്കാതെ സ്വന്തം ബസിൽ ആശുപത്രിയിലെത്തിച്ച ‘സേനാപതി’ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പൂപ്പാറയിൽ ആദരം.

പൂപ്പാറ സ്വദേശിയായ 22-കാരൻ അബ്ദുൽ റഹ്മാന്റെ മരണത്തിൽ നാട് ദുഃഖത്തിലായിരിക്കെ, അപകടത്തിൽ പരിക്കേറ്റ വിശ്വയെയും ആൽബിനെയും ഉൾപ്പെടെ മൂന്ന് യുവാക്കളെ യാത്രക്കാരുടെ പൂർണ പിന്തുണയോടെ സ്വന്തം ബസിൽ കയറ്റി ആശുപത്രിയിലെത്തിച്ച ഡ്രൈവർ കൊന്നത്തടി സ്വദേശി സുധീഷ് പി. രമേഷും കണ്ടക്ടർ അടിമാലി സ്വദേശി മനു ബിനോയിയും കാട്ടിയ സമയോചിത ഇടപെടലാണ് നാട്ടുകാരുടെ പ്രശംസ നേടിയത്.

ഈ മാനുഷിക സേവനത്തെ ആദരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പൂപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരുവർക്കും ഉപഹാരവും ക്യാഷ് അവാർഡും മൊമന്റോയും നൽകി.

യൂത്ത് വിംഗ് പ്രസിഡന്റ് അരുൺ ചന്ദ്രൻ, സെക്രട്ടറി രാഹുൽ, ട്രഷറർ നിസാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ജോയ് ജോസഫ്, ജനറൽ സെക്രട്ടറി സലിം, ട്രഷറർ കനി, ജില്ലാ കൗൺസിലർ സുധീർ, വ്യാപാരികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിസന്ധി ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ മടികാണിക്കാതെ മുന്നിട്ടിറങ്ങിയ ബസ് ജീവനക്കാരുടെ പ്രവർത്തനമാണ് ചടങ്ങിൽ വ്യാപാരിസമൂഹം ആദരിച്ചത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!