ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ചടങ്ങുകളോടെ നടന്നു.
ചരിത്ര പ്രസിദ്ധമായ മംഗളദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം നടന്നു.
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്സവം നടന്നിരുന്നില്ല.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇത്തവണ പതിനായിരത്തിലധികം ഭക്തരാണ് എത്തിച്ചേര്‍ന്നത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കേരളവും തമിഴ്നാടും സംയുക്തമായി പൂജകള്‍ നടത്തിയെന്ന പ്രത്യേകതയും ഉത്സവത്തിനുണ്ട്.
രണ്ടായിരത്തോളം വര്‍ഷം പഴക്കം വരുന്ന ക്ഷേത്രത്തില്‍ കേരള, തമിഴ്നാട് ഭക്തരുടെ നേതൃത്വത്തില്‍ വിവിധ പൂജകള്‍ നടന്നു. ക്ഷേത്രത്തിനുള്ളിലെ രണ്ട് കോവിലുകളിലും രാവിലെ ആറോടെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിച്ചു. തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെയും രാജലിംഗ പൂജാരിയുടെയും മുഖ്യകാര്‍മികത്വത്തിലാണ് പൂജകള്‍ നടന്നത്. കുമളിയില്‍ നിന്നും 14 കിലോ മീറ്റര്‍ അകലെ പെരിയാര്‍ കടുവാ സങ്കേതത്തിലെ കാതല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലേയ്ക്ക്് എത്തിച്ചേരുന്നതിന് പാസ് മുഖേനയാണ് വാഹനങ്ങള്‍ സജ്ജീകരിച്ചത്്. കാല്‍നടയായി പോകാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം എന്നിവ വനം വകുപ്പ് ക്രമീകരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, അഗ്നിസുരക്ഷാസേന തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കി.
ക്ഷേത്ര ആചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചക്കഴിഞ്ഞ് മൂന്നോടെ നടയടച്ചു.
ഇടുക്കി, തേനി ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള- തമിഴ്നാട് പോലീസ്, റവന്യു, വനം വകുപ്പ്, എന്നിവര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവത്തിന് നേതൃത്വം നല്‍കിയത്.
