October 15, 2026

മഴ കനക്കുന്നു; ഇടുക്കി ജില്ലയില്‍ കര്‍ശന ജാഗ്രതയ്ക്ക് നടപടികള്‍

ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ കര്‍ശന ജാഗ്രത പാലിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിവിധ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കി.അതോറിറ്റിയുടെ യോഗം ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്ന് വിവിധ വകുപ്പുകള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്തി.കനത്ത കാറ്റില്‍  തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം മേഖലയിലുണ്ടായ നാശ നഷ്ടങ്ങളുടെ റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. റോഡരികില്‍ അപകടകരങ്ങളായ മരങ്ങളും ചില്ലകളും നീക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ഉറപ്പു വരുത്തിയിരിക്കണം. കൂടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങളുടെ നില പരിശോധിക്കണം. ദേവികുളം മേഖലയിലെ സ്ഥിതിഗതികളും മുന്‍ കരുതല്‍ നടപടികളും സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ വിശദീകരിച്ചു. ഹാം റേഡിയോ, സാറ്റലൈറ്റ് ഫോണ്‍, വയര്‍ലെസ് ഉള്‍പ്പെടെ ആശയ വിനിമയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കു കടുത്ത ഭീഷണി ഉയര്‍ത്തുന്ന പഴയ കെട്ടിടങ്ങളുണ്ടെങ്കില്‍ അവ പൊളിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.സിക ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ മുന്നില്‍ കണ്ട് ജില്ലയില്‍ കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Copyright © All rights reserved. | Newsphere by AF themes.