വിവിധ കേസുകളില്‍പ്പെട്ട് പിടിയിലാകുന്ന വാഹനങ്ങളുടെ സൂക്ഷിപ്പ് പോലീസിനു തലവേദനയാകുന്നു.
പല പോലീസ് സ്റ്റേഷനുകളിലും പരിമിതമായ സൗകര്യങ്ങളിലാണ് വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. കൂടുതല്‍ വാഹനങ്ങളും മഴയും വെയിലുമേറ്റ് നശിക്കുന്ന നിലയിലാണ്.എന്നാല്‍ വിവിധ ക്രൈം കേസുകളില്‍ പിടിയിലാകുന്ന വാഹനങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പോലീസിനായതിനാല് കാലഹരണപ്പെടുന്നതു വരെ ഇവ പോലീസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിക്കണം.
തൊടുപുഴ പോലീസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് ബൈക്കുകള്‍ വ്യാഴാഴ്ച തീ പടര്‍ന്ന് കത്തി നശിച്ചിരുന്നു.വാഹനങ്ങള്‍ പോലീസ് സ്റ്റേഷന് വളപ്പില്‍ തന്നെ ഹെല്‍ത്ത് ക്ലബിനു സമീപമാണ് സൂക്ഷിച്ചിരുന്നത്.ഇതിനു സമീപം മാലിന്യങ്ങള്‍ കത്തിച്ചപ്പോള്‍ ഇതില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തിനശിക്കുന്നത് തടയാനായി.ഓരോ പോലീസ് സ്റ്റേഷന് വളപ്പിലും ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളാണ് സൂക്ഷിക്കേണ്ടി വരുന്നത്. കോടതി ഉത്തരവുണ്ടാകുന്നതു വരെ ഇവ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടി വരുമെന്ന് പോലീസ് പറയുന്നു. പോലീസ് സ്റ്റേഷന് വളപ്പില്‍ സൂക്ഷിക്കുന്ന വാഹനങ്ങളുടെ എണ്ണം പെരുകിയതോടെ അപകടങ്ങള്‍ പോലെ ക്രൈം കേസുകളില്‍ ഉള്‍പ്പെടാത്തതും ഉടമസ്ഥര്‍ ഏറ്റെടുക്കാത്തതുമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ഇതു കൊണ്ടും സ്റ്റേഷന് വളപ്പിലെ വാഹനങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവു വരുത്താനായില്ല. ലഹരികടത്തും മണല്‍കടത്തും മറ്റും കൂടുതലായുള്ള മേഖലകളിലെ സ്റ്റേഷനുകളിലാണ് വാഹനങ്ങളുടെ എണ്ണം കൂടുതല്‍.
കൂടാതെ അതിര്‍ത്തി മേഖലകളിലെ പോലീസ് സ്റ്റേഷനുകളിലും അനധികൃത ഇടപാടുകള്‍ നടത്തി പിടിയിലാകുന്ന വാഹനങ്ങളുടെ എണ്ണം കൂടുതലാണ്.ഇവയൊക്കെ നശിച്ചു പോകാതെ സൂക്ഷിക്കണം. തീ പിടിത്തമോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ പോലും തൊണ്ടിമുതലായ വാഹനങ്ങള്‍ നശിക്കാതെ സംരക്ഷിക്കണം.
എന്നാല്‍ ഇതിനാവശ്യമായ സ്ഥല സൗകര്യം പല പോലീസ് സ്റ്റേഷനുകളിലും ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.
