October 14, 2026

വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും റോഡരുകില്‍ വെട്ടിയിട്ട മരകഷണങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല. യാത്ര ദുരിതത്തില്‍ വലഞ്ഞ് നാട്ടുകാര്‍

കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലെ അണക്കര ടൗണിലാണ് മരത്തടികള്‍ കിടക്കുന്നത്. വനംവകുപ്പിന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പഞ്ചായത്ത് മുറിച്ചിട്ട മരത്തടികളാണ് ഇപ്പോഴും അതേപോലെ അവിടെ തന്നെ കിടക്കുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് റോഡിലേയ്ക്ക് കടപുഴകി വീണ മരം വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലത്തായതിനാല്‍ ആരും വെട്ടി നീക്കാന്‍ മുന്‍കൈ എടുത്തിരുന്നില്ല. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ പഞ്ചായത്തിനെ ബന്ധപ്പെടുകയായിരുന്നു. പഞ്ചായത്ത് ആളുകളെ ഏര്‍പ്പെടുത്തി നടുറോഡില്‍ വീണുകിടന്ന മരം വെട്ടികഷണങ്ങളാക്കി റോഡരുകിലേയ്ക്ക് മാറ്റി.
വനംവകുപ്പ് ഇവ റോഡരുകില്‍ നിന്നും മാറ്റുമെന്ന ഉറപ്പിലാണ് പഞ്ചായത്ത് ഇതിന് തയാറായതും.
എന്നാല്‍ വര്‍ഷം ഒന്ന് പിന്നിടുമ്പോഴും തടി കിടന്ന് നശിക്കുന്നതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.രാത്രികാലങ്ങളില്‍ വഴി പരിചയമില്ലാതെ ഇതുവഴി വരുന്ന ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസം ഇത്തരത്തില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഇതിനോട് ചേര്‍ന്ന് കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേയ്ക്ക് ആളുകള്‍ക്ക് കടന്ന് ചെല്ലാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങനോ കഴിയുന്നില്ല.
കോവിഡ് പ്രതിസന്ധി കാരണം കഷ്ടപ്പെടുന്ന വ്യാപാരികള്‍ക്ക് ഇതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്.
കൂടാതെ കൂട്ടമായി കിടക്കുന്ന മരത്തടികള്‍ക്കിടയില്‍ ഇഴജന്തുക്കളും എലികളും വ്യാപകമായതോടെ നാട്ടുകാര്‍ക്ക് ഇതുവഴി കാലനടയായിപോലും നടക്കാന്‍ കഴിയുന്നില്ല.ജനത്തിരക്കേറിയ ഈ പ്രദേശത്ത് മരത്തടികള്‍ കൂട്ടിയിട്ടിരിക്കുന്നത് ഒഴിവാക്കി തരണെമന്നാവശ്യപ്പെട്ട് വ്യാപാരികളും പ്രദേശവാസികളും അധികൃതരെ സമീപിച്ചെങ്കിലും നാളിതുവരെയായിട്ടും നടപടിയുണ്ടായിട്ടില്ല.

Copyright © All rights reserved. | Newsphere by AF themes.