June 1, 2026

Idukkionline

idukkivarthaonline

അതിർത്തി തർക്കം – അയൽവാസിയുടെ വീട്ടിൽ കയറി സ്ത്രീയ്‌ക്കെതിരെ ക്രൂര ആക്രമണം; പ്രതി അറസ്റ്റിൽ

കുമളി: കുമളിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുന്നിക്കൽ സുര എന്നറിയപ്പെടുന്ന സുരേഷ് ആണ് കുമളി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സുരേഷും അയൽവാസിയായ സ്ത്രീയും തമ്മിൽ ഭൂമി അതിർത്തിയെച്ചൊല്ലി തർക്കം ഉണ്ടാകുകയായിരുന്നു. ഇതിന്റെ തുടർച്ചയായി സുരേഷ് സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറി, കൈയിൽ കരുതിയിരുന്ന ചൂടുവെള്ളം ദേഹത്ത് ഒഴിച്ച് പൊള്ളലേൽപ്പിച്ചു. കൂടാതെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരിക്കേറ്റ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുമളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കട്ടപ്പന ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇൻസ്പെക്ടർ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. കണ്ണൻ, എസ്.ഐ. സലിം രാജ്, സി.പി.ഒ. അജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുരേഷ് നിരവധി ക്രിമിനൽ കേസുകളിലും അബ്കാരി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!