തേക്കടിയിൽ ഇനി പൂക്കാലം…തേക്കടി പുഷ്‌പമേളയ്ക്ക് നാളെ തുടക്കം
കുമളി: കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18-ാമത് തേക്കടി പുഷ്പമേള നാളെ തുടങ്ങും. വിവിധ സാമൂഹിക- സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ കല്ലറക്കൽ ഗ്രൗണ്ടിലാണ്. മേയ് മൂന്നുവരെ മേള നടക്കുന്നത്.
നാളെ രാവിലെ 10 മുതൽ മേളനഗറിലേക്ക് പ്രവേശിക്കാം. വൈകിട്ട് 5.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം.എം. വർഗീസ് അധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ ഇടുക്കി ജില്ലയിലെ മികച്ച പ്രൈമറി സ്കൂളായി തിരഞ്ഞെടുത്ത കുമളി ട്രൈബൽ യു.പി. സ്കൂളിനെ ആദരിക്കും. കൂടാതെ ചിത്രകാരനായ അബ്ദുൽ റസാഖ് രചിച്ച ‘കുമളിയുടെ സ്ഥലനാമ ചരിത്രം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നടക്കും.
ഉദ്ഘാടനത്തിന് ശേഷം ട്രൈബൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. 33 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പുഷ്പമേളയുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ‘ഉറവിടത്തിൽ തന്നെ മാ ലിന്യ സംസ്ക്കരണം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ചെറിയ മാലിന്യ സംസ്ക്കരണ പ്ലാൻ്റുകളുടെ പ്രദർശനവും പ്രത്യേക ആകർഷണമാകും.
മേളക്കാലത്ത് വിവിധ സ്കൂളുകളും കലാസംഘടനകളും ചേർന്ന് ദിവസേന വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് പു ഷ്പമേളയുടെ ജനറൽ കൺവീനർമാരായ ടി.ടി. തോമസ്, ഷാജി മണ്ണാറത്തറ എന്നിവർ അറിയിച്ചു.
