ചക്കുപള്ളം ആറാം മൈലിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണശ്രമംവീട്ടുകാർ ഒച്ചവെച്ചതോടെ മൂന്നംഗ സംഘം രക്ഷപ്പെട്ടു; രാത്രികാല പെട്രോളിങ് ശക്തമാക്കുമെന്ന് പോലീസ്
ചക്കുപള്ളം: ചക്കുപള്ളം ആറാം മൈലിൽ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘത്തിന്റെ ആക്രമണശ്രമം. കയ്യിൽ കമ്പിവടികളുമായി എത്തിയ സംഘം വീട്ടുമതിൽ ചാടിക്കടന്ന് അകത്തെത്തിയെങ്കിലും വീട്ടുകാർ ഒച്ചവെച്ചതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ആറാം മൈൽ തെക്കേപ്പറമ്പിൽ ടി. എം. എബ്രഹാമിന്റെ വീട്ടിലാണ് മുഖംമൂടി സംഘം എത്തിയത്. പൊന്നച്ചൻ എന്നറിയപ്പെടുന്ന ടി. എം. എബ്രഹാമിന്റെ വീട്ടുമതിൽ ചാടിക്കടന്ന സംഘം വീടിന്റെ ബെൽ മുഴക്കി.
ബെല്ലിന്റെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കതക് തുറക്കാൻ സംഘം ആവശ്യപ്പെട്ടു. “ഒരു കാര്യം പറയാനുണ്ട്” എന്നും ഇവർ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു. എന്നാൽ, സംശയം തോന്നിയ വീട്ടുകാർ കതക് തുറക്കാതെ ഒച്ചവെച്ചതോടെ മൂന്നുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉടൻതന്നെ കുമളി പോലീസിൽ വിവരം അറിയിച്ചു. പുലർച്ചെ നാലുമണിയോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സംഘാംഗങ്ങളെ കണ്ടെത്താനായില്ല.
രാവിലെ വീണ്ടും സ്ഥലത്തെത്തിയ പോലീസ് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ, ദൃശ്യങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ സംഘത്തിലെ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
വീട്ടിലെത്തിയ മൂന്നുപേരും മുഖം മറച്ചിരുന്നുവെന്നും അവരുടെ കൈവശം കമ്പിവടികൾ ഉണ്ടായിരുന്നുവെന്നും വീട്ടുടമ ടി. എം. എബ്രഹാം പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്ത് രാത്രികാല പെട്രോളിങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.
