ഇടുക്കിയിൽ ലഹരി വേട്ട ശക്തം; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ
രാജാക്കാട്: ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തി വിതരണം ചെയ്തിരുന്ന പ്രധാന ഹോൾസെയിൽ വ്യാപാരിയെ പോലീസ് പിടികൂടി. രാജാക്കാട് പുതിയിടത്ത് വീട്ടിൽ സുമേഷ് ശിവനാണ് മൂന്നാർ ഡാൻസാഫ് സംഘവും രാജാക്കാട് പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽ നിന്ന് ഏകദേശം ₹10 ലക്ഷം വിപണി മൂല്യമുള്ള 10 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. സമാന കേസിൽ സുമേഷ് ശിവൻ പോലീസിന്റെ പിടിയിലാകുന്നത് നാലാം തവണയാണെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ. നസീം ഐ.പി.എസിന്റെ നിർദേശപ്രകാരം ജില്ലയിൽ നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ (നർക്കോ ഹണ്ട്) പരിശോധനയുടെ ഭാഗമായാണ് വൻ ശേഖരം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് (DANSAF) സംഘവും രാജാക്കാട് പോലീസും ചേർന്ന് സുമേഷ് ശിവന്റെ വീട്ടിൽ രാത്രിയിലും പുലർച്ചെയുമായി പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ ഒളിപ്പിച്ച നിലയിൽ 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 6,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ഹാൻസ്, കൂൾ ലിപ്പ്, ശംഭു, ഗണേഷ് തുടങ്ങിയ ബ്രാൻഡുകളിലെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
തമിഴ്‌നാട്ടിൽ നിന്ന് തുച്ഛമായ വിലയ്ക്ക് എത്തിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ രാജാക്കാട്, ശാന്തൻപാറ മേഖലകളിലെ ചെറുകിട വ്യാപാരികൾക്ക് ഉയർന്ന വിലയ്ക്ക് വിതരണം ചെയ്തിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ എത്തിച്ച് ഹോൾസെയിൽ കച്ചവടം നടത്തിയിരുന്ന ഇയാൾ, അനധികൃത മാർഗങ്ങളിലൂടെ വലിയ സാമ്പത്തിക വളർച്ച നേടിയതായും പോലീസ് വ്യക്തമാക്കി. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ, വരുമാന സ്രോതസ്സുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജൂലൈ മാസത്തിൽ മാത്രം മൂന്നാർ സബ് ഡിവിഷൻ പരിധിയിൽ നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് മുപ്പതോളം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. ലഹരി കടത്ത് സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
