കുമളിയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി യുവതി വീടിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
കുമളിയിൽ ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ആദിവാസി യുവതി വീടിനുള്ളിൽ പ്രസവിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.മാർച്ച് ഒൻപതിനകം റിപ്പോർട്ട് സമർപ്പിക്കാൻ കുമളി മെഡിക്കൽ ഓഫീസറോട് ആവശ്യപ്പെട്ടു. കേസ് മാർച്ച് 19ന് പരിഗണിക്കും.ആംബുലൻസോ മറ്റ് വാഹനമോ ലഭിക്കാത്തതിനെ തുടർന്ന് തേക്കടി മന്നാക്കുടി ആദിവാസി കോളനിയിലെ കണ്ണന്റെ ഭാര്യ വിനീതയാണ് അർദ്ധരാത്രി വീടിനുള്ളിൽ പ്രസവിച്ചത്. വിനീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ വിവരം ആശാ പ്രവർത്തകയെ അറിയിച്ചു. ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
പഞ്ചായത്ത് അംഗത്തെ മുതൽ പോലീസ് സ്റ്റേഷനിൽ വരെ കുടുംബം ബന്ധപ്പെട്ടിരുന്നു. വിനീതയുടെ ആരോഗ്യനില മോശമായതോടെ ആശാപ്രവർത്തക തന്നെയാണ് വീടിനുള്ളിൽ പ്രസവത്തിനുള്ള സൗകര്യം ഒരുക്കിയത്.
പ്രസവശേഷം അമ്മയേയും കുത്തിനേയും മറ്റൊരു സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. പീരുമേട് സ്വദേശിയായ മനുഷ്യാവകാശ പ്രവർത്തകൻ നൽകിയ പരാതി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വിശദമായ അന്വേഷണം നടത്തി അടുത്ത മാസം ഒൻപതിന് അകം റിപ്പോർട്ട് നൽകണം.
ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ വൈകിയ സംഭവങ്ങൾ കുമളിയിൽ മുൻപും നിരവധിയാണ്..
