23 വർഷം മുൻപ് അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിക്കൊടുത്തു. ഇപ്പോൾ അവരുടെ മകന്റെയും. മന്ത്രി എം.എം.മണിയാണ് വിവാഹ വേദിയിലെ താരം.
രാജാക്കാട് പഞ്ചായത്തംഗം കെ.പി.സുബീഷിന്റെയും ലതയുടെയും മകൻ അർജുന്റെയും ഹസ്നിയുടെയും വിവാഹത്തിനാണു മന്ത്രി കാർമികത്വം വഹിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ 1998ൽ പാർട്ടി പ്രവർത്തകൻ സുബീഷിന്റെയും ലതയുടെയും വിവാഹത്തിനു ഹാരമെടുത്തു നൽകിയതും താനായിരുന്നുവെന്ന് മന്ത്രി മണി ഓർമ പുതുക്കി.
ഇനി അർജുന്റെയും ഹസ്നിയുടെയും മക്കളുടെ വിവാഹവും നടത്തിക്കൊടുക്കണമെന്നാണ് ആഗ്രഹം. നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് മന്ത്രിയുടെ വാക്കുകൾ സ്വീകരിച്ചത്. 5 വർഷത്തിനിടെ ഏറ്റവുമധികം വിവാഹങ്ങൾക്കു നേതൃത്വം നൽകിയ പൊതുപ്രവർത്തകനെന്ന റെക്കോർഡും മന്ത്രി എം.എം.മണിക്കാണ്. ഇതിൽ പലതും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും മിശ്രവിവാഹങ്ങളായിരുന്നു
