March 2, 2026

Idukkionline

idukkivarthaonline

സംസ്ഥാനത്ത് ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ, കൊല്ലപ്പെട്ടത് 18 കുട്ടികൾ

കൊല്ലത്ത് ഏഴ് വയസുകാരി പെൺകുട്ടി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം സംസ്ഥാനത്തെയാകെ ഞെട്ടിച്ചതാണ്. എന്നാൽ അബിഗേൽ സാറാ റെജി കേരളത്തിലെ ഈ വ‍ര്‍ഷത്തെ ആദ്യത്തെ തട്ടിക്കൊണ്ടുപോകൽ കേസല്ലെന്ന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പറയുന്നു. ഈ വ‍ര്‍ഷം സെപ്തംബ‍ര്‍ വരെ മാത്രം 115 കുട്ടികളെയാണ് സംസ്ഥാനത്ത് നിന്ന് കാണാതായത്. എസ് സി ആ‍ര്‍ ബി കണക്കുകൾ പ്രകാരം 2016 ൽ സംസ്ഥാനത്ത് 157 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.  2017 ൽ 184 കുട്ടികളെയും 2018 ൽ 205 കുട്ടികളെയും 2019 ൽ 280 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. 2020 ൽ 200 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. 2021 ൽ 257 കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റ‍ര്‍ ചെയ്തിരുന്നു. ഈ കണക്ക് പ്രകാരം 2022 ൽ 269 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. എന്നാൽ ഈ കേസുകളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കുട്ടികളെയെല്ലാം വീണ്ടെടുത്തോ എന്നുമുള്ള വിവരം എസ്‌സിആര്‍ബി പുറത്തുവിട്ടിട്ടില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് മാത്രമാണ് എസ്‌സിആര്‍ബിയുടെ കണക്ക്.  സംസ്ഥാനത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 18 കുട്ടികൾ കൊല്ലപ്പെട്ടതായും കണക്കുകളിൽ പറയുന്നുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇങ്ങനെ സംഭവിച്ചതെന്ന് വ്യക്തമല്ല.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!