March 2, 2026

Idukkionline

idukkivarthaonline

എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ പറ്റിച്ച്‌ പണം തട്ടുന്നയാള്‍ പിടിയില്‍; പറ്റിച്ചത് മുപ്പതോളം പേരെ.

കുമളി : എടിഎമ്മില്‍ നിന്നും തുക പിന്‍വലിക്കാന്‍ അറിയാത്ത തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയെടുക്കുന്നയാളെ പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ തോട്ടം മേഖലയിലുള്ള നിരവധി പേരാണ് തട്ടിപ്പിനിരയായത്.കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇടുക്കിയിലെ ഏലപ്പാറ കേന്ദ്രീകരിച്ചാണ് ഷിജുരാജ് തട്ടിപ്പു നടത്തിയിരുന്നത്. പട്ടണത്തിലെ എടിഎമ്മിനു മുന്നില്‍ കാത്തു നില്‍ക്കുന്ന ഇയാള്‍ പണം പിന്‍വലിക്കാന്‍ അറിയാത്ത പ്രായമായവരെ സഹായിക്കാനായി എത്തും. പണം എടുത്ത് നല്‍കിയ ശേഷം ഇവരുടെ എടിഎം കാര്‍ഡ് കൈക്കലാക്കും. തുടര്‍ന്ന് കയ്യില്‍ കരുതിയിരിക്കുന്ന മറ്റൊരു കാര്‍ഡ് തിരികെ നല്‍കും. ഈ എടിഎം കാര്‍ഡുപയാഗിച്ച്‌ അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കകയാണ് ചെയ്യുന്നത്. അടുത്ത തവണ പണം പിന്‍വലിക്കാന്‍ എത്തുമ്പോഴായിരിക്കും കാര്‍ഡുടമ പണം നഷ്ടപ്പെട്ട കാര്യം അറിയുക. മുപ്പതോളം പേരുടെ പണം ഇതിനകം ഷിജുരാജ് തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കുമളി, വണ്ടിപ്പെരിയാര്‍, ഏലപ്പാറ എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് ഇയാള്‍ പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പേരുടെ അക്കൌണ്ടില്‍ നിന്നും 2000 മുതല്‍ 83,000 രൂപ വരെയാണ് നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട എലപ്പാറ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.
വിനോദ സഞ്ചാരത്തിനും ആര്‍ഭാട ജീവിതത്തിനുമാണ് ഇയാള്‍ പണം ചെലവാക്കിയിരുന്നത്. ഷിജുരാജ് അറസ്റ്റിലായതറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി പീരുമേട് പോലീസിനെ സമീപിക്കുന്നുണ്ട്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!