October 15, 2026

പ്ലാസ്റ്റിക് ഹോളോബ്രിക്സുകളൊരുക്കി വണ്ടിപ്പെരിയാർ ഹരിത കർമ്മ സേന

വണ്ടിപ്പെരിയാര്‍ : ജൈവവളം വിപണിയിലെത്തിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹരിത കര്‍മ്മസേന ജില്ലയിലാദ്യമായി പാഴ്പ്ലാസ്റ്റിക്ക് കവറുകളും മറ്റുമുപയോഗിച്ച് ഹോളോബ്രിക്‌സുകളുമായി പുതിയ പരീക്ഷണങ്ങളിലേയ്ക്ക്.
പഞ്ചായത്തിന്റെ ജൈവവള നിര്‍മാണ യൂണിറ്റിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹോളോബ്രിക്സുകളും നിര്‍മിച്ചത്. യൂണിറ്റിലെ ടെക്നിഷ്യന്‍ ലിജോ തമ്പിയുടെയും ഹരിതകര്‍മ്മ സേനയുടെ കണ്‍സോര്‍ഷ്യം അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു നിര്‍മാണം. ഹോളോബ്രിക്സുകളുടെ ഗുണമേന്മ വിലയിരുത്തുന്നതിനായി എന്‍ജീനീയറിങ് കോളജുകളെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍.പ്ലാസ്റ്റിക്കും മണലും ചേര്‍ത്ത് തറയോടുകളും ഹോളോബ്രിക്സുകളും ഉണ്ടാക്കുന്ന ദക്ഷിണാഫ്രിക്കയിലെ കാമറൂണില്‍ നിന്നുള്ള യുട്യൂബ് വീഡിയോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഹരിതകര്‍മ്മ സേന ഇത്തരമൊരു പരീക്ഷണം നടത്തിയത്. പ്ലാസ്റ്റിക്കുകളും മറ്റും ഉരുക്കി അതിലേയ്ക്ക് മണല്‍ ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അച്ചുകളിലൊഴിച്ച് ഹോളോബ്രിക്സുകളുണ്ടാക്കുകയാണ് ചെയ്തത്. ഉറപ്പുണ്ടെങ്കിലും സിമന്റുമായി ചേരുമോയെന്ന സംശയം ചില മേസ്തിരിമാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും ഇതിന്റെ ഉറപ്പുമൊക്കെയാണ് ഇനി സാക്ഷ്യപ്പെടുത്തേണ്ടത്.
തറയോടുകളും ടൈലുകളുമാണ് അടുത്തതായി പ്ലാന്‍ ചെയ്യുന്നതെന്ന് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുന്‍ ബിഡിഒയും ജില്ലാ ആസൂത്രണ സമിതി അംഗവുമായ എം ഹരിദാസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പ്രോല്‍സാഹനത്തിലാണ് ഇത്തരത്തിലൊരു നൂതന സംരംഭം ആലോചിച്ചതെന്ന് ഹരിതകര്‍മ്മ സേനാ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ലില്ലിക്കുട്ടി തമ്പി, സെക്രട്ടറി  മല്ലിക സെല്‍വകുമാര്‍ എന്നിവര്‍ പറഞ്ഞു. കോട്ടയത്തോ തിരുവനന്തപുരത്തോ എന്‍ജിനീയറിംഗ് കോളജുകളുടെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍  ഈ പ്ലാസ്റ്റിക്ക് കട്ടകളെത്തിച്ച് അവയുടെ ഗുണമേന്മയെക്കുറിച്ച് അറിഞ്ഞതിന് ശേഷമാകും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാവുകയെന്ന് എം. ഹരിദാസ് പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.