October 16, 2026

സ്വയം സഹായ സംഘത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് തർക്കം…യുവാക്കളുടെ അക്രമത്തിൽ യുവതിയ്ക്ക് പരിക്ക്

മുരിക്കാശേരി: സ്വയം സഹായ സംഘത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് യുവതിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മർദനമേറ്റ സ്ത്രീ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ. മുരിക്കാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തേക്കിന്തണ്ട് മുണ്ടക്കൽ ഷാജിയുടെ ഭാര്യ മോളി (45)യ്ക്കാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് കേസിനാസ്ഥദമായ സംഭവം നടക്കുന്നത്.
മുരിക്കാശ്ശേരിയിലെ സ്വയം സഹായ  സംഘത്തിൽ നിന്നും യുവതികൾ സംഘമായി ചേർന്ന് വായ്പയെടുത്തിരുന്നു. മോളിയും ഇതിൽ ഭാഗമായിരുന്നു.
പ്രതിമാസം രണ്ടായിരം രൂപയാണ് തിരിച്ചടവായി എല്ലാ മാസവും 16-ന് തിരിച്ചടച്ചിരുന്നത്. പ്രദേശത്ത് തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന മോളിയോട് വായ്പയെടുത്തവരിൽ ഒരാളുടെ കുടുംബത്തിലെ വ്യക്തി തിരിച്ചടവ് തുക 16-ന് മുമ്പായി തങ്ങളെ ഏല്പ്പിക്കണമെന്ന രീതിയിൽ സംസാരിച്ചു. ഇക്കാര്യം മോളി ഭര്ത്താവായ ഷാജിയോട് പറഞ്ഞു.
തൊട്ടടുത്ത ദിവസം പൊതുജന മധ്യത്തിൽ ഇയാൾ തുക ഉടനെ ഏല്പ്പിക്കണമെന്ന് പറഞ്ഞതോടെ ഷാജി ഇയാളോട് ഫോണിൽ വിളിച്ച് ഇനിയിത് ആവർത്തിക്കരുതെന്ന് താക്കീത് നല്കുകയും 16-ന് തുക കൃത്യമായി എത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
വ്യാഴാഴ്ച ഷാജി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഈ വ്യക്തിയുടെ മക്കളായ രാജേഷ്, രജീഷ് എന്നിവർ ചേര്ന്ന് ഷാജിയെ ടൗണിലിട്ട് മർദ്ദിക്കുകയായിരുന്നു. ഈ സമയം തൊഴിലിറപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മോളി ഇത് കാണുകയും ഇതിന് തടസം പിടിക്കാന് ചെന്നതോടെയാണ് യുവാക്കൾ ഇവരെ ക്രൂരമായി മർദ്ധിച്ചത്.
മുഖത്ത് ഇടി കിട്ടിയതിനെ തുടര്ന്ന് മൂക്കില് നിന്നും രക്തം വാർന്ന മോളിയെ നാട്ടുകാർ ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജില് എത്തിക്കുകയായിരുന്നു. മുഖത്തും തലയിലും ക്ഷതമേറ്റ മോളി തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്.
എന്നാൽ സംഭവം വസ്തുതാ വിരുദ്ധമാണെന്നും തന്റെ പിതാവിനെ ഫോണിലൂടെ  ഷാജി ചീത്തവിളിച്ചതായും ഇക്കാര്യം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും എതിർകക്ഷികൾ പറയുന്നു. യുവതിയെ മർദ്ധിച്ച കേസിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Copyright © All rights reserved. | Newsphere by AF themes.