October 15, 2026

ഇടുക്കി വെള്ളിലാംകണ്ടത്ത് നിന്ന് മരത്തടികള്‍ പിടികൂടിയ സംഭവത്തില്‍ സിപിഐ നേതാവിനെ ഉള്‍പ്പെടെ പ്രതിയാക്കി വനംവകുപ്പ് കേസ് എടുത്തു.

ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് മുറിച്ച മരങ്ങള്‍ വാങ്ങിയ സിപിഐ ജില്ലാ കമ്മിറ്റിയംഗം വിആര്‍ ശശിയെ മൂന്നാം പ്രതിയാക്കിയാണ് കേസ്. ചോരക്കാലി ഉള്‍പ്പെടെയുള്ള മരങ്ങളുടെ തടിയാണ് പിടികൂടിയിരുന്നത് കഴിഞ്ഞ 13നാണ് വെള്ളിലാംകണ്ടത്ത് ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങളുടെ അഞ്ച് മെട്രിക് ടണ്‍ തടികള്‍ വനപാലകര്‍ പിടികൂടിയത്. കാഞ്ചിയാര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തില്‍ മരങ്ങള്‍ മുറിച്ചത് കുമളി റേഞ്ചില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കേസ് കുമളി റേഞ്ചിലേക്ക് കൈമാറി. പിന്നീട് നടത്തിയ പരിശോധനയില്‍ പടുക സ്വദേശി മോഹനന്റെ കൈവശമുള്ള ഭൂമിയില്‍ മരക്കുറ്റികള്‍ കണ്ടെത്തി. മോഹനന്‍, മരങ്ങള്‍ മുറിച്ച മാട്ടുക്കട്ട സ്വദേശി സുധീഷ്, മരത്തടികള്‍ വാങ്ങിയ കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വിആര്‍ ശശി എന്നിവരെ പ്രതികളാക്കിയാണ് വനംവകുപ്പ് കേസ് എടുത്തത്. ചോരക്കാലിയുടെ മൂന്നു കുറ്റികളും , കാട്ടുപത്രി, നാങ്ക് എന്നിവയുടെ ഓരോ കുറ്റികളുമാണ് കണ്ടെത്തിയത്. ഇതോടൊപ്പംമുറിച്ചിട്ട നാങ്ക് മരത്തിന്റെ കുറേ ഭാഗവും ഇവിടെ നിന്നും കസ്റ്റഡിയില്‍ എടുത്തു. മരം മുറിക്കാന്‍ സഹായിച്ച തൊഴിലാളികളേയും,ആയുധങ്ങള്‍, തടി കടത്തിയ വാഹനം എന്നിവയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Copyright © All rights reserved. | Newsphere by AF themes.