March 2, 2026

Idukkionline

idukkivarthaonline

ലഹരി വിരുദ്ധ ദിനത്തിൽ സന്ദേശവുമായി നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ

ആലപ്പുഴ: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ തീരദേശ മേഖല ലഹരിവിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ്. ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു കൊണ്ട് സമസ്ത മേഖലയിലും ലഹരിക്കു മേൽക്കോയ്മയുള്ള ഈ കാലഘട്ടത്തിൽ അതിനെതിരെ പോരാടാൻ എല്ലാ വിഭാഗത്തിലുള്ള ആളുകളും കൂട്ടായി കൈകോർത്ത് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഒരാളെയെങ്കിലും ലഹരി വിമുക്തനാക്കാൻ കഴിഞ്ഞാൽ ഈ കാലഘട്ടത്തിൽ ഏറ്റവും വലിയ പുണ്യം അതായിരിക്കും എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആലപ്പുഴ രൂപത ബിഷപ്പ് ജെയിംസ് റാഫേൽ ആനാപ്പറമ്പിൽ പ്രസ്താവിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന വഴികാട്ടി പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നും കേരളത്തിലുടനീളം കുട്ടികളെ ലഹരി വിരുദ്ധ ബോധവത്കരണം സാധ്യമാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ പറഞ്ഞു. ആലപ്പുഴ ഡി. വൈ. എസ്. പി. പ്രിത്വിരാജ് കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആലപ്പുഴ വിജിലൻസ് ഡിവൈഎസ്പി കുര്യാക്കോസ്. ജെ, സെന്റ്. ജോസഫ് സ്കൂൾ മാനേജർ മദർ ആനി മാത്യു തുടങ്ങിയവരും പ്രസംഗിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ സന്ദേശ പ്രകാശനവും നടന്നു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!