കാലവര്‍ഷത്തിന് മുന്‍പ് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച് പിഡബ്ല്യൂഡി അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍.
ഏത് നിമിഷവും നിലം പൊത്താവുന്ന നിരവധി ദ്രവീകരിച്ച മരങ്ങളാണ് ഇടുക്കി ഹൈറേഞ്ചില്‍ റോഡുകള്‍ക്ക് ഇരുവശവും നല്‍ക്കുന്നത്. 2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി മരം മുറിച്ച് കടത്തുമ്ബോള്‍ ഇക്കാര്യം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇടുക്കിയില്‍ അടക്കം റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ച് കടത്തിയിരുന്നു.
കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ വനം പിഡബ്ല്യൂഡി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ മഴയും കാറ്റും ശക്തമായിട്ടും ജീവന് ഭീഷണിയുണ്ടാക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. മറിച്ച് കൊള്ളലാഭം കൊയ്യാന്‍ വേണ്ടി കളക്ടറുടെ ഉത്തരവുണ്ടെന്ന് കാണിച്ച് ഗുണമേന്മയുള്ള മരങ്ങള്‍ മുറിച്ച് നീക്കുകയും ചെയ്തു.ഇതേ ഉത്തരവിന്റെ മറവിലാണ് പിഡബ്ല്യൂഡി, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടുക്കിയില്‍ റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ മരം മുറിച്ച് കടത്തിയത്. മരം മുറിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കുകയും എന്നാല്‍ മരങ്ങള്‍ അടയാളപ്പെടുത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തുന്നതിന് മുന്‍പ് മരങ്ങള്‍ മുറിച്ച് കടത്തുകയുമാണ് ചെയ്തത്. എന്നാല്‍ ഇടുക്കി ഹൈറേഞ്ചിലെ ഏത് നിമിഷവും നിലംപൊത്താവുന്ന ദ്രവിച്ച് തീര്‍ന്ന മരങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല.
