ആ ഗ്രൂപ്പ് ഫോട്ടോയും യാത്രയയപ്പ് ചടങ്ങും പ്രിയ കൂട്ടുകാരിയുടെ എന്നന്നേക്കുമുള്ള യാത്രയപ്പാകുമെന്ന് അവരാരും കരുതിയില്ല
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബി.എ സാമ്ബത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിനി ട്രീസയുടെ (20) മരണമാണ് സഹപാഠികളെ കണ്ണീരിലാഴ്ത്തിയത്. മൂന്നു വര്‍ഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിന്റെ ദുഃഖത്തിലും ഇനിയും കണ്ടുമുട്ടാമെന്ന പ്രതീക്ഷയിലാണ് അവര്‍ വെള്ളിയാഴ്ച ഒത്തു ചേര്‍ന്നത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാര്‍ ചേര്‍ന്നുള്ള ഫോട്ടോകളും സെല്‍ഫികളും എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ട്രീസ തലചുറ്റി വീണത്.അദ്ധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഒട്ടും സമയം കളയാതെ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് ട്രീസ മാരകമായ ഹൃദ്രോഗമുള്ള കുട്ടിയാണെന്ന് ഇവര്‍ അറിയുന്നത്. രോഗിയായി കൂട്ടുകാരും അദ്ധ്യാപകരും കരുതാതിരിക്കുന്നതിനാണ് ഇക്കാര്യം മറച്ചു വച്ചതത്രേ. ഡോക്ടര്‍മാര്‍ 20 വയസുവരെയാണ് ആയുസ് വിധിച്ചതെന്ന കാര്യം കൂടി കേട്ടതോടെ കൂട്ടുകാര്‍ വിങ്ങിപ്പൊട്ടി.
അവര്‍ ആശുപത്രിയില്‍ കാവല്‍ ഇരുന്നെങ്കിലും ഒടുവില്‍ ട്രീസ ഏവരെയും വിട്ട് യാത്രയായി. നൊമ്ബരമായി ആ ഗ്രൂപ്പ് ഫോട്ടോ മാത്രം ബാക്കിയായി. മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട. അദ്ധ്യാപികയായ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ.
വസതിയിലും മുളപ്പുറം സെന്റ് ജൂഡ് പള്ളിയിലും നടന്ന സംസ്‌കാര ശുശ്രൂഷയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ടടക്കമുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ അദ്ധ്യാപകരും സഹപാഠികളും ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തിയിരുന്നു. ട്രീസയോടുള്ള ആദര സൂചകമായി സഹപാഠികളായ ആണ്‍കുട്ടികള്‍ ശവമഞ്ചം ആംബുലന്‍സിലേയ്ക്ക് എടുത്തു വച്ചപ്പോള്‍ അവിടെ കൂടിയവരില്‍ നിന്നും അലമുറ ഉയര്‍ന്നതും സങ്കട കാഴ്ചയായി. സെമിത്തേരിയില്‍ എല്ലാ സഹപാഠികളും വെളുത്ത റോസാ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു നൊമ്ബരപ്പെടുത്തുന്ന ഓര്‍മകളോടെ മടങ്ങി.
