April 18, 2026

Idukkionline

idukkivarthaonline

കേരളത്തിലെ ഏറ്റവും ജലസമ്ബത്തുള്ള നദിയാണ് പെരിയാര്‍. അതുകൊണ്ടുതന്നെ പുഴയിലെ ഓരോ പ്രളയവും ചരിത്രത്തിന്റെ ഭാഗമാണ്.

തേക്കടി വന്യജീവിസങ്കേതത്തിലും പരിസരത്തെ മലഞ്ചെരിവുകളില്‍നിന്നുമായി ഉത്ഭവിക്കുന്ന പെരിയാറില്‍ 1341-ലുണ്ടായ പ്രളയത്തെതുടര്‍ന്ന് അതുവരെയും സജീവമായിരുന്ന മുസിരിസ് (കൊടുങ്ങല്ലൂര്‍) തുറമുഖം മണ്ണടിഞ്ഞുനികന്നു. ആഴംകുറഞ്ഞ മുസിരിസ് പിന്നീട് ഉപയോഗശൂന്യമാവുകയും കൊച്ചി പുതിയൊരു തുറമുഖമായി വികസിച്ചുവരികയും ഇന്നത്തെ രൂപത്തിലെത്തുകയും ചെയ്തു. പശ്ചിമഘട്ടത്തില്‍നിന്ന് ഒഴുകിയെത്തിയ എക്കലടിഞ്ഞ് വൈപ്പിന്‍ദ്വീപ് രൂപപ്പെട്ടതുപോലും 1341-ല്‍ പെരിയാറിലുണ്ടായ പ്രളയത്തിലായിരുന്നുവെന്ന് ചരിത്രം പറയുന്നു. 1790-ല്‍ തിരുവിതാംകൂറിനെ ആക്രമിക്കാനെത്തിയ ടിപ്പുസുല്‍ത്താന്‍ പാതിവഴിയിലെത്തിയ ശേഷം തിരികെപോകാനുള്ള കാരണങ്ങളിലൊന്നും പെരിയാറിലെ വെള്ളപ്പൊക്കമാണ്.മറുകര കടക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാലായിരുന്നു ടിപ്പുവിന്റെയും മൈസൂര്‍ സൈന്യത്തിന്റെയും മടക്കയാത്ര. പെരിയാര്‍ തടത്തില്‍ പിന്നീടൊരു മഹാപ്രളയം ഉണ്ടാകുന്നത് 1924-ലാണ്. കണ്ണന്‍ദേവന്‍ മലകളില്‍ ദിവസങ്ങളോളം പെയ്ത കനത്ത മഴയിലും തുടര്‍ച്ചയായ ഉരുള്‍പൊട്ടലിലും പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയിലുണ്ടായ പ്രളയത്തിലും വന്‍നാശനഷ്ടമുണ്ടായി. ഇംഗ്ലീഷുകാര്‍ പടുത്തുയര്‍ത്തിയ മൂന്നാര്‍ ടൗണ്‍ ഇല്ലാതായത് ഈ പ്രളയത്തിലാണ്. മൂന്നാര്‍ മലകളിലെ തീവണ്ടി ഗതാഗതം നശിച്ചുപോകാനുള്ള കാരണവും മറ്റൊന്നല്ല.

1341-ലും 1790-ലും 1924-ലുമുണ്ടായ പേമാരിയെ അപേക്ഷിച്ച്‌ 2018ലും 19ലും ഉണ്ടായത് ചെറിയ മഴയാണ്. എന്നിട്ടും സംഭവിച്ച നാശനഷ്ടങ്ങള്‍ ചെറുതല്ല. ഇതിനൊരു കാരണമേയുള്ള. മനുഷ്യന്റെ അനിയന്ത്രിതവും അശാസ്ത്രീയവുമായ ഇടപെടലുകള്‍. ഇത്തവണത്തെ മഴയും പ്രളയവും, പ്രകൃതിയും പെരിയാറും നല്‍കുന്ന വലിയൊരു മുന്നറിയിപ്പായി മാറുന്നത് ഇവിടെയാണ്. ഇനിയുമിതു കേള്‍ക്കാതിരുന്നാല്‍ ഭാവിയില്‍ വലിയൊരു ദുരന്തമാവും കേരളത്തെ കാത്തിരിക്കുക.

പെരിയാര്‍ ഉത്ഭവിച്ച്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിനും താഴെ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുമ്ബോള്‍ മുതല്‍ അറബിക്കടലില്‍ ചേരുന്നതുവരെ പുഴയുടെ ഇരുകരകളിലും പല തരത്തിലുള്ള നിയമലംഘനങ്ങളുണ്ട്. പുഴ കയ്യേറി കൃഷിയിറക്കിയതും കെട്ടിടനിര്‍മ്മാണം നടത്തിയതും ജലചൂഷണവും മാലിന്യപ്രശ്നങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. പുഴയുടെ ഇരുകരകളിലും 100 മീറ്റര്‍ ദൂരത്തേക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നാണ് ചട്ടമെങ്കിലും അതൊന്നും ഫലപ്രദമായി പാലിക്കപ്പെടുന്നില്ല. ഓരോ സ്ഥലത്തുമുള്ള പ്രാദേശിക രാഷ്ട്രീയനേതൃത്വവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഉദ്യോഗസ്ഥരുമെല്ലാം ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമായി കയ്യേറ്റക്കാര്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ നിയമവിധേയമാക്കാന്‍ കഴിയുന്ന വിധത്തില്‍ എല്ലാത്തരത്തിലുള്ള രേഖകളും സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നു.

ഉത്ഭവം മുതല്‍ പതനസ്ഥലം വരെയുള്ള പെരിയാറിന്റെ ഇരുകരകളിലും 47 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്. ഇവയുടെയെല്ലാം പരിധിയില്‍ അനധികൃതപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി കാണാം. വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും വ്യവസായശാലകളുടെയും നിര്‍മ്മാണമാണ് ഇതില്‍ മുഖ്യം. ഇടുക്കി ജില്ലയില്‍പ്പെട്ട വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ, ചെറുതോണി, തടിയമ്ബാട് എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള നിരവധി കെട്ടിടങ്ങളുണ്ട്. പുഴയിലും പുഴവക്കിലുമായാണ് പലതിന്റെയും നിര്‍മ്മാണം. എറണാകുളം ജില്ലയിലെ കാലടി, കാഞ്ഞൂര്‍, പെരുമ്ബാവൂര്‍, ആലുവ, ഏലൂര്‍, വരാപ്പുഴ ഭാഗങ്ങളിലേക്ക് എത്തുന്നതോടെ ഇത് കൂടുതല്‍ രൂക്ഷമാകുന്നു. ”ഈ മേഖലകളിലെല്ലാം ഫ്ളാറ്റുകളും വ്യവസായശാലകളും തുടങ്ങി വീടുകള്‍ വരെ പുഴവക്കില്‍ വന്‍തോതിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. ജനപ്രതിനിധികള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഇതെല്ലാം സാധ്യമായത് അധികൃതരുടെ ഒത്താശ്ശയോടെയാണ്. പുഴ കയ്യേറിയാല്‍ ചോദിക്കാന്‍ ആരുമില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ”; കേരള നേച്ച്‌വര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡണ്ടും പരിസ്ഥിതിപ്രവര്‍ത്തകനുമായ ഡോ. സി.എം. ജോയ് പറയുന്നു.

നാലുവര്‍ഷം മുന്‍പ് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആലുവയില്‍ പുഴയോരത്ത് അനധികൃതമായി നിര്‍മ്മിച്ച മഴവില്‍ റസ്റ്റോറന്റ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുനീക്കിയിരുന്നു. പരിസ്ഥിതി സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. ഇതിനോട് സമാനമായ രീതിയില്‍ നിരവധി സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും നേരത്തെ തന്നെ പെരിയാറിന്റെ കരയില്‍ വന്‍തോതിലുള്ള നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അന്നൊന്നും ആരും കോടതിയെ സമീപിക്കാത്തതിനാല്‍ അധികൃതരുടെ കൂടി ഒത്താശ്ശയോടെ ഇവയ്ക്കെല്ലാം കെട്ടിടനമ്ബരും മറ്റു രേഖകളും ലഭിക്കുകയും ചെയ്തു. എന്നാല്‍ പലയിടങ്ങളിലും കരിങ്കല്ല് ഉപയോഗിച്ച്‌ പുഴയോരം കെട്ടിയുയര്‍ത്തിയതോടെ പെരിയാറിന്റെ വീതികുറഞ്ഞു. മഴക്കാലത്ത് പുഴ കരകവിയുകയും പരിസരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറുകയുമായിരുന്നു ഇതിന്റെ പരിണതഫലം.

കേരളത്തിലൊരിടത്തും പുഴയൊഴുകാനുള്ള വഴി ജണ്ടയിട്ട് തിരിച്ചിട്ടില്ല. ഇതിനുപകരം വേനല്‍ക്കാലത്തെ വീതി പുഴയുടെ വീതിയായി കണക്കാക്കുകയും ബാക്കിഭാഗം മുഴുവന്‍ സര്‍ക്കാര്‍ തന്നെ കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ മഴക്കാലത്ത് നീരൊഴുക്ക് ശക്തമാകുന്ന സമയത്തെ ദൂരം കണക്കാക്കിയാണ് പുഴയുടെ വീതി ജണ്ടയിട്ട് തിരിക്കേണ്ടത്. എന്നാല്‍ ഇതൊന്നും ഇനി നടപ്പാക്കുകയെന്നത് എളുപ്പമല്ല. പുഴ കയ്യേറ്റത്തിനും അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും പുറമെ, പലതവണ ചര്‍ച്ച ചെയ്തിട്ടുള്ള ഏലൂര്‍ വ്യവസായമേഖലയിലെ രാസമലിനീകരണവും വൃഷ്ടിപ്രദേശത്തെ കുന്നിടിക്കലും വനനശീകരണവുമെല്ലാം പെരിയാര്‍ നേരിടുന്ന വന്‍പ്രതിസന്ധികളാണ്.

മനുഷ്യന്റെ ഇടപെടലുകളിലൂടെ സംസ്ഥാനത്ത് ഏറ്റവുമധികം മുറിവേറ്റ നദിയാണ് പെരിയാര്‍. പെരിയാറിലും അതിന്റെ കൈവഴികളിലുമായി 16 വലിയ അണക്കെട്ടുകളുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി, ചെറുതോണി, കുളമാവ്, ലോവര്‍പെരിയാര്‍, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, മലങ്കര, കുണ്ടള, മാട്ടുപ്പെട്ടി, ചെങ്കുളം, ആനയിറങ്കല്‍, പൊന്‍മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കല്ലാര്‍ എന്നിവയാണ് പ്രധാനപ്പെട്ട അണക്കെട്ടുകള്‍. ഇതിനുപുറമേ നിരവധി ചെറുഡാമുകളും. പെരിയാറിന്റെയും കൈവഴികളുടെയും സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെടുത്തുകയും അതുവരെയുള്ള മുഴുവന്‍ ജലവും മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്യുന്ന തരത്തിലാണ് ഓരോ അണക്കെട്ടിന്റെയും നിര്‍മ്മാണം. എന്നുവെച്ചാല്‍ പഴയ പെരിയാര്‍ രണ്ടും മൂന്നുമായി മുറിഞ്ഞുപോയിരിക്കുന്നു എന്നര്‍ത്ഥം. ഇങ്ങനെ സംഭരിക്കുന്ന മുഴുവന്‍ ജലവും വൈദ്യുതോത്പാദനത്തിനും ജലസേചനത്തിനും വേണ്ടിയാണ് വിനിയോഗിക്കുന്നത്.

പെരിയാര്‍പോലെ വലുപ്പത്തിലും ജലസമൃദ്ധിയിലും സമ്ബന്നമായ ഒരു പുഴയുടെ സ്വാഭാവികവ്യവസ്ഥ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയാല്‍ എന്നെങ്കിലും അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇനിയെങ്കിലും ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഇടുക്കി ജലവൈദ്യുതിപദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നുവിട്ടപ്പോള്‍ അതിന്റെ താഴ്വാരങ്ങളില്‍ സംഭവിച്ചതും ഇതുതന്നെയാണ്. ഡാമിന്റെ ഷട്ടര്‍ തുറന്നതോടെ ചെറുതോണി മുതല്‍ പനംകുട്ടി വരെയുള്ള 20 കിലോമീറ്ററോളം ദൂരത്തിലാണ് ഇടുക്കി ജില്ലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. പുഴയും പുഴയോരവും കയ്യേറി കൃഷിയിറക്കുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ നഷ്ടമുണ്ടായിട്ടുള്ളൂവെന്നതാണ് വാസ്തവം.

തടിയമ്ബാട്, കരിമ്ബന്‍, ചുരുളി, ചേലച്ചുവട്, കീരിത്തോട് എന്നിവയാണ് ചെറുതോണിക്കും പനംകുട്ടിക്കും ഇടയിലുള്ള പ്രധാനപ്പെട്ട ജനവാസകേന്ദ്രങ്ങള്‍. പെരിയാറിന്റെ ഇരുകരകളിലുമായി വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, വാത്തിക്കുടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍പ്പെട്ട പ്രദേശങ്ങളാണിത്. ഇതുവഴി കടന്നുപോകുന്ന പെരിയാര്‍ ഇടുക്കിപദ്ധതിയുടെ നിര്‍മ്മാണത്തിനുശേഷം വരണ്ടുപോയെങ്കിലും, മുന്‍പ് പുഴയൊഴുകിയിരുന്ന സ്ഥലം അതേപോലെ മാറ്റിയിട്ടിരുന്നു. എന്നെങ്കിലും അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ സുഗമമായ നീരൊഴുക്കിനുവേണ്ടിയായിരുന്നു അത്. എന്നാല്‍ പിന്നീട് ഇവിടുത്തെ പുഴയും പുഴയോരവും കയ്യേറ്റക്കാരുടെ പിടിയിലായി. മിക്കവാറും സ്ഥലങ്ങളെല്ലാം മണ്ണിട്ടുനികത്തി തെങ്ങും പ്ലാവും റബ്ബറും വാഴയും മരച്ചീനിയും ചേമ്ബും കാച്ചിലുമെല്ലാം കൃഷിചെയ്തു. ഇവയെല്ലാമാണ് അണക്കെട്ട് തുറന്നതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഒലിച്ചുപോയത്.

പുഴനികത്തി കൃഷിയിറക്കിയതിനുപുറമെ പലയിടങ്ങളിലും മറ്റുതരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നു. അണക്കെട്ട് തുറന്നയുടന്‍ വെള്ളമെത്തിയ ചെറുതോണി ടൗണില്‍ അധികൃതര്‍ പുഴനികത്തി നിര്‍മ്മിച്ച ബസ്സ്റ്റാന്‍ഡ് ആദ്യംതന്നെ ഒലിച്ചുപോയി. അതിനുതാഴെയും പുഴയുടെ പരിധിക്കുള്ളില്‍ നിരവധി കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. ഡാം തുറന്നുവിടുമ്ബോള്‍ ഈ പ്രദേശത്തെ 200 കെട്ടിടങ്ങള്‍ക്ക് അത് പ്രതികൂലമാകുമെന്നും ഇതില്‍ 40 കെട്ടിടങ്ങളെ എളുപ്പത്തില്‍ ബാധിക്കുമെന്നുമായിരുന്നു ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്. പിന്നീട് ഇവിടെയെല്ലാം വെള്ളംകയറിയെങ്കിലും താമസക്കാര്‍ ഒഴിഞ്ഞുപോയിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. ഇത്തരം കയ്യേറ്റങ്ങളെല്ലാം സംഭവിച്ചത് 1992-ല്‍ അണക്കെട്ട് തുറന്നുവിട്ടതിനുശേഷമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെഎസ്‌ഇബിയുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം ഒത്താശ്ശയും കയ്യേറ്റക്കാര്‍ക്ക് ലഭിച്ചു. എന്നാല്‍ പോലും നിയമപരമായ നടപടികളിലൂടെ ഇവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ എളുപ്പമാകുമായിരുന്നില്ല. പ്രതിഷേധവും നിരാഹാരവും രാഷ്ട്രീയക്കാരുടെ നിലപാടും കോടതിനടപടികളുമെല്ലാമായി ഇത് നീണ്ടുപോകുമായിരുന്നു. എന്നാല്‍ ഒന്നിനും കാത്തുനില്‍ക്കാതെ പുഴ തന്നെ ഇവിടുത്തെ കയ്യേറ്റക്കാരെ ക്ഷണനേരംകൊണ്ട് ഒഴിപ്പിക്കുകയും സ്വന്തം സ്ഥലം തിരിച്ചുപിടിക്കുകയും ചെയ്തു. അതായിരുന്നു ഇത്തവണത്തെ പ്രളയം.

ഇത് എല്ലാവര്‍ക്കുമൊരു പാഠമാണ്. പെരിയാര്‍ പഠിപ്പിക്കുന്ന പാഠം. സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമായി പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്താല്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ്. കുത്തിയൊലിച്ചുവരുന്ന മലവെള്ളത്തിനുമുന്നില്‍ മനുഷ്യന്റെ പ്രതിരോധശ്രമങ്ങളൊന്നും ശാശ്വതമാവില്ലെന്ന തിരിച്ചറിവ്. ഇനിയൊരിക്കലും ഹൈറേഞ്ചില്‍ കനത്ത മഴയും അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യവും ഉണ്ടാവുകയില്ലെന്ന കയ്യേറ്റക്കാരുടെ കണക്കുകൂട്ടലുകള്‍ പിഴച്ച സമയം. ഇതില്‍നിന്നെല്ലാം പരിസ്ഥിതിസംരക്ഷണത്തിന്റെ ഒരുപാട് പാഠങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. പ്രകൃതിയെ വെല്ലുവിളിച്ചുകൊണ്ടൊരു ജീവിതം സാധ്യമല്ലെന്ന ആദ്യപാഠം.

ഇടുക്കിയിലെ കനത്ത മഴയില്‍ പെരിയാറിന്റെ വൃഷ്ടിപ്രദേശമായ മലയോരങ്ങളില്‍ വ്യാപകമായുണ്ടായ ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനെയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ജില്ലയിലെ ഇടുക്കി, ഉടുമ്ബന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളിലെല്ലാം ചെറുതും വലുതുമായ അനേകം ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമാണ് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. ഈ മാസം ഹൈറേഞ്ചില്‍ ലഭിച്ചതിനേക്കാള്‍ കനത്ത മഴ ഇതിനുമുന്‍പും ഈ പ്രദേശങ്ങളില്‍ പെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ഇത്രത്തോളം പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇവിടുത്തെ മണ്ണിലും മലയോരങ്ങളിലും കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ എന്തു മാറ്റമുണ്ടായെന്നാണ് പരിശോധിക്കേണ്ടത്.

ഒരുനൂറ്റാണ്ട് മുന്‍പ് തുടങ്ങിയ കുടിയേറ്റകാലത്തെ വനനശീകരണത്തിനുശേഷം ഹൈറേഞ്ചില്‍ ഏറ്റവുമധികം മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടത് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിലാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ഇടുക്കിയിലുണ്ടായ ആശങ്കകളും ഇതിന് കാരണമായിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടോ യാഥാര്‍ത്ഥ്യമായാല്‍ ഹൈറേഞ്ചിലെ കൃഷിയിടങ്ങളിലുള്ള മരങ്ങള്‍പോലും വെട്ടിയെടുക്കാന്‍ കഴിയില്ലെന്ന പ്രചാരണം ഇക്കാലത്ത് കര്‍ഷകര്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതേതുടര്‍ന്ന് പരമാവധി മരങ്ങള്‍ മുറിച്ചെടുക്കപ്പെട്ടു. ”ഹൈറേഞ്ചില്‍നിന്നും എറണാകുളം, കോട്ടയം ജില്ലകളിലേക്കുള്ള റോഡുകളിലൂടെ ഓരോ ദിവസവും പത്തുമുതല്‍ മുപ്പത് വരെ തടിലോറികളാണ് ഇപ്പോഴും ലോഡുമായി പോകുന്നത്. ഈ നിലയ്ക്ക് ഒരുമാസം കൊണ്ടും ഒരുവര്‍ഷം കൊണ്ടും എത്രത്തോളം മരങ്ങള്‍ ഇവിടെ മുറിച്ചുമാറ്റുന്നുവെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. ഹൈറേഞ്ചില്‍ തന്നെയുള്ള മില്ലുകള്‍ക്കുവേണ്ടി മുറിച്ചെടുക്കുന്ന മരങ്ങള്‍ ഇതിനുപുറമേയാണ്”, പരിസ്ഥിതിപ്രവര്‍ത്തകനായ സജിദാസ് മോഹന്‍ പറയുന്നു.

മരങ്ങളുണ്ടെങ്കില്‍ മലഞ്ചെരിവില്‍നിന്നും മഴവെള്ളമൊഴുകുന്നത് സാവധാനമായിരിക്കും. ഇതോടൊപ്പം മണ്ണില്‍ താഴുന്ന വെള്ളത്തെ മരത്തിന്റെ വേരുകള്‍ പിടിച്ചുനിര്‍ത്തുകയും ചെയ്യും. എന്നാല്‍ മരങ്ങളും പുല്‍മേടുകളും ഇല്ലാതായതോടെ മഴവെള്ളം മുഴുവനും ക്ഷണനേരംകൊണ്ട് കുത്തിയൊഴുകി പുഴകളിലെത്തി. അണക്കെട്ടുകള്‍ പെട്ടെന്ന് നിറയാന്‍ ഇതുമൊരു കാരണമാണ്. മാത്രവുമല്ല മരംവെട്ടലും കുന്നിടിക്കലും നിമിത്തം ഇടുക്കി ഉള്‍പ്പെടെ പല ഡാമുകളുടെയും സംഭരണശേഷിയുടെ നല്ലൊരു ശതമാനവും മണ്ണടിയുകയും ചെയ്തു. അണക്കെട്ടിനുള്ളില്‍ ക്രമാതീതമായി മണ്ണടിഞ്ഞാല്‍ അത് നീക്കം ചെയ്യുന്നതിനായി ചെറുതോണി ഡാമിന്റെ അടിത്തട്ടിനോട് ചേര്‍ന്ന് രണ്ടുഷട്ടറുകള്‍ (വെര്‍ട്ടിക്കല്‍ ഗേറ്റ്) ഉണ്ടെങ്കിലും, പദ്ധതി കമ്മീഷന്‍ ചെയ്തതിനുശേഷം ഇതുവരെയും അത് ഉപയോഗിച്ചിട്ടില്ല. എന്നുവെച്ചാല്‍ അന്നുമുതല്‍ ഇന്നുവരെ ഒഴുകിയെത്തിയ മുഴുവന്‍ മണ്ണും കല്ലും അടിത്തട്ടില്‍ തന്നെയുണ്ടെന്ന് അര്‍ത്ഥം. കനത്ത മഴയ്ക്കൊപ്പം, അണക്കെട്ടുകളുടെ സംഭരണശേഷി കുറയുന്നതും എളുപ്പത്തില്‍ ജലനിരപ്പ് ഉയരാനും ഷട്ടറുകള്‍ തുറന്നുവിടാനുമുള്ള കാരണമാണ്.

വനം വെട്ടിനശിപ്പിക്കുകയും കൃഷിയിടങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്താല്‍ പ്രളയസാധ്യത കൂടുമെന്ന കണ്ടെത്തലുകള്‍ ബാലിശമാണെന്ന് വാദിക്കുന്നവരുമുണ്ട്. ഇത് സ്ഥാപിക്കാന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നത് 1924-ല്‍ (കൊല്ലവര്‍ഷം 1099) പെരിയാറിലുണ്ടായ വന്‍പ്രളയമാണ്. അന്ന് കുടിയേറ്റകര്‍ഷകര്‍ ഹൈറേഞ്ചില്‍ കാര്യമായി എത്തിയിരുന്നില്ലെന്നും അതുകൊണ്ടുതന്നെ വനനശീകരണം നാമമാത്രമായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നിട്ടും പ്രളയമുണ്ടായില്ലേയെന്നാണ് ചോദ്യം. എന്നാല്‍ ഇതൊന്നും വനനശീകരണം പ്രകൃതിദുരന്തത്തിന് കാരണമാവില്ലെന്ന വാദത്തെ സാധൂകരിക്കുന്നതല്ല. 1924-ലെ കനത്ത മഴയെതുടര്‍ന്ന് വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത് പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാര്‍ കടന്നുവരുന്ന കണ്ണന്‍ദേവന്‍ കുന്നുകളിലാണ്. ഇംഗ്ലീഷുകാര്‍ കെട്ടിപ്പൊക്കിയ മൂന്നാര്‍ പട്ടണവും തീവണ്ടിപ്പാതയും ചെറുതീവണ്ടികളും പഴയ ആലുവ-മൂന്നാര്‍ റോഡുമെല്ലാം അന്ന് ഒലിച്ചുപോയി. പക്ഷേ, ഈ പ്രളയമുണ്ടാകുന്നതിനും പത്തോ ഇരുപതോ വര്‍ഷം മുന്‍പാണ് പലതരം കൃഷികള്‍ക്കായി കണ്ണന്‍ദേവന്‍ കുന്നിലെ നിത്യഹരിതവനങ്ങളെല്ലാം ഇംഗ്ലീഷുകാര്‍ വെട്ടിവെളുപ്പിച്ചതെന്ന യാഥാര്‍ത്ഥ്യം ആരും ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നതേയില്ല. വന്‍തോതില്‍ മരങ്ങളും പുല്‍മേടുകളും നശിപ്പിച്ച മനുഷ്യര്‍ക്കുള്ള പ്രകൃതിയുടെ മറുപടിയും മുന്നറിയിപ്പുമായിരുന്നു അന്നത്തെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമെല്ലാം.

എന്നാല്‍ ഇതില്‍നിന്നൊന്നും പാഠം ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറല്ല. ഈ നില തുടര്‍ന്നാല്‍ സംഭവിച്ചതിനേക്കാള്‍ രൂക്ഷമായ പ്രകൃതിദുരന്തങ്ങളാവും മുന്നില്‍ കാത്തിരിക്കുന്നത്. പ്രകൃതിയും പെരിയാറും നല്‍കുന്ന മുന്നറിയിപ്പുകളും പഠിപ്പിക്കുന്ന പാഠവും സ്വീകരിച്ചുകൊണ്ട് പരിസ്ഥിതിയോടുള്ള കാഴ്ചപ്പാടും സമീപനവും മാറേണ്ടതുണ്ട്. അല്ലെങ്കില്‍ പ്രകൃതിയുടെ ഇതുപോലെയുള്ള തിരുത്തല്‍നടപടികള്‍ അനുഭവിക്കേണ്ടിവരും… V.R. വിജയൻ

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!