August 21, 2026

Idukkionline

idukkivarthaonline

ഓപ്പറേഷൻ തണ്ടർ: കുമളിയിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

കുമളി: സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കുമളിയിൽ എക്‌സൈസ് നടത്തിയ വ്യാപക പരിശോധനയിൽ അരക്കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റോസാപ്പൂക്കണ്ടം, ഒന്നാംമൈൽ പ്രദേശങ്ങളിലെ രണ്ട് വർക്ക്‌ഷോപ്പുകളിലായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലും ഒഴിഞ്ഞുകിടന്ന മുറികളിലും സൂക്ഷിച്ചിരുന്ന 43,000 പാക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. റോസാപ്പൂക്കണ്ടത്തെ ഒരു വർക്ക്‌ഷോപ്പിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 37,000 പാക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി.

തുടർന്ന് ഒന്നാംമൈലിലെ മറ്റൊരു വർക്ക്‌ഷോപ്പിൽ നടത്തിയ പരിശോധനയിൽ ഒഴിഞ്ഞുകിടന്ന മുറിയിൽ നിന്ന് 6,000 പാക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഇതോടെ രണ്ട് സ്ഥലങ്ങളിൽ നിന്നായി ആകെ 43,000 പാക്കറ്റ് ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്.

ഇരു വർക്ക്‌ഷോപ്പുകളുടെയും ഉടമകളെ ചോദ്യം ചെയ്തെങ്കിലും പിടിച്ചെടുത്ത ലഹരി ഉൽപ്പന്നങ്ങളുമായി ബന്ധമില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും എക്‌സൈസ് അറിയിച്ചു.

പിടിച്ചെടുത്ത നിരോധിത ലഹരി ഉൽപ്പന്നങ്ങൾ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നശിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ രാഹുൽ രാജിന്റെ നേതൃത്വത്തിൽ വണ്ടപ്പെരിയാർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. എസ്. ശ്യം, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ രാജ്കുമാർ, ജിജി കെ. ഗോപാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജീവ് ഭാസ്‌കർ, രാജദുരൈ, അജിത്ത്, പ്രവീൺ, ജെയിംസ് കട്ടിക്കാട്ട്, ദീപുകുമാർ, എം. ഡി. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!