August 21, 2026

Idukkionline

idukkivarthaonline

ലോകകപ്പ് സ്പെയിന് സ്വന്തം; അർജന്റീനയെ വീഴ്ത്തി രണ്ടാം കിരീടം

വാശിയേറിയ ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കി. എക്സ്ട്രാ ടൈമിലേക്ക് നീണ്ടുനിന്ന ആവേശപ്പോരാട്ടത്തിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളാണ് സ്പെയിനിന് ചരിത്രവിജയം സമ്മാനിച്ചത്.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ പെഡ്രോ പോറോ വലതുവശത്ത് നിന്ന് നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്‌സിന്റെ മധ്യഭാഗത്തേക്ക് തിരിച്ചുനൽകി. കൃത്യസമയത്ത് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ച ഹാഫ് വോളിയിലൂടെ പന്ത് വലയിലെത്തിച്ച് സ്പെയിനിനെ വിജയത്തിലേക്ക് നയിച്ചു. അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് ഈ ഷോട്ട് തടയാനായില്ല.

2010-ൽ ആദ്യമായി ലോകകപ്പ് നേടിയ സ്പെയിൻ, ഇതോടെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടവും സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ അവസാന വിസിൽ മുഴങ്ങുംവരെ പന്തടക്കത്തിലും ഹൈ പ്രസിംഗിലും ആധിപത്യം പുലർത്തിയ സ്പെയിൻ, അർജന്റീനയ്ക്ക് ആക്രമണാവസരങ്ങൾ സൃഷ്ടിക്കാനുള്ള ഇടം പോലും അനുവദിച്ചില്ല.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാനായില്ല. 1966ന് ശേഷം ഫിഫ ലോകകപ്പ് മത്സരത്തിൽ ആദ്യ പകുതിയിൽ അർജന്റീന ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാതിരുന്ന ആദ്യ സംഭവമാണിത്. മറുവശത്ത് സ്പെയിൻ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകളാണ് മത്സരം ഗോൾരഹിതമായി മുന്നോട്ട് കൊണ്ടുപോയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും അരങ്ങേറിയത് മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു.

അധികസമയത്തിന്റെ തുടക്കത്തിൽ അർജന്റീനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു എൻസോ ഫെർണാണ്ടസിന്റെ പുറത്താകൽ. നേരത്തെ മഞ്ഞക്കാർഡ് കണ്ടിരുന്ന താരം സ്പാനിഷ് മുന്നേറ്റം തടയാൻ നടത്തിയ ഫൗളിന് രണ്ടാമത്തെ മഞ്ഞക്കാർഡും തുടർന്ന് ചുവപ്പുകാർഡും കണ്ടതോടെ അർജന്റീന പത്ത് പേരായി ചുരുങ്ങി. സംഖ്യാബലത്തിലെ മുൻതൂക്കം ഫലപ്രദമായി വിനിയോഗിച്ച സ്പെയിൻ വിജയഗോൾ നേടി ലോക ഫുട്ബോളിന്റെ പുതിയ ചാമ്പ്യൻമാരായി.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!