ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: ലോക ഫുട്ബോൾ ഫൈനൽ മത്സരം അർധരാത്രിക്കുശേഷം നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി നൽകാൻ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദേശം നൽകി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഇന്ന് അർധരാത്രിക്ക് ശേഷമാണ് ലോകം കാത്തിരിക്കുന്ന ഫുട്ബോൾ ഫൈനൽ അരങ്ങേറുക. പുലർച്ചെയോടെയാകും മത്സരം അവസാനിക്കുക. അർജന്റീനയും സ്പെയിനും തമ്മിലുള്ള പോരാട്ടമാണ് ഫൈനലിൽ നടക്കുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ വൻ ആരാധകവൃന്ദമുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ആവേശം നിറഞ്ഞ അന്തരീക്ഷമാണ്.
ഫൈനൽ മത്സരം ഒരുമിച്ച് കാണുന്നതിനായി വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും ആരാധക കൂട്ടായ്മകൾ ബിഗ് സ്ക്രീനുകൾ ഒരുക്കി പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ലോക ഫുട്ബോളിലെ ഈ ആവേശപ്പോരാട്ടത്തിനായി കായികപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
