റിസോർട്ടിൽ നിന്ന് കാർ മോഷ്ടിച്ച ഫ്രണ്ട് ഓഫീസ് മാനേജർ പിടിയിൽ
ശാന്തൻപാറ: റിസോർട്ടിൽ നിന്ന് കമ്പനി വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഫ്രണ്ട് ഓഫീസ് മാനേജറെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ സൈദ് മുഹമ്മദ് റഫീക്ക് (38) ആണ് പിടിയിലായത്.
ഗ്യാപ് റോഡിലുള്ള വ്യൂ മൂന്നാർ റിട്രീറ്റ് റിസോർട്ടിൽ ഫ്രണ്ട് ഓഫീസ് മാനേജരായി ജോലി ചെയ്തിരുന്ന പ്രതി ജൂലൈ 13-ന് രാത്രി റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാർ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മോഷണത്തിന് പിന്നാലെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമായിരുന്നില്ല. തുടർന്ന് മൂന്നാർ ഡിവൈഎസ്പി ചന്ദ്രകുമാർ എസ്.യുടെ നിർദേശപ്രകാരം ശാന്തൻപാറ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുകയും വിവിധ ഇടങ്ങളിൽ പരിശോധന ശക്തമാക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ ജൂലൈ 16-ന് പുലർച്ചെ മധുരയിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. മോഷണം പോയ സ്വിഫ്റ്റ് കാറും പ്രതിയുടെ കൈവശത്തുനിന്ന് പൊലീസ് കണ്ടെടുത്തു.
ശാന്തൻപാറ ഇൻസ്പെക്ടർ ശരലാൽ എസ്.യുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ് എം., രമേഷ് ആർ. എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം വീണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
