August 21, 2026

Idukkionline

idukkivarthaonline

പൂജയുടെ മറവിൽ പീഡനം; കുമളി സ്വദേശി പൊലീസ് കസ്റ്റഡിയിൽ

ആലുവ: വിഷ്ണുമായ പൂജയുടെ മറവിൽ യുവതിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കുമളി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുമളി രണ്ടാംമൈൽ അമരാവതി മുണ്ടക്കാതിൽ വീട്ടിൽ പ്രിൻസ് അബ്രാഹമിനെയാണ് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പറവൂരിലെ പൂജാ കേന്ദ്രത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ബാധകൾ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ചാവക്കാട്ടെ പൂജാ കേന്ദ്രത്തിലെത്തിച്ച ശേഷം, പൂജയുടെ ഭാഗമാണെന്ന് പറഞ്ഞ് യുവതിയുടെ അറിവില്ലാതെ മദ്യത്തിൽ എംഡിഎംഎ കലർത്തി നൽകി ബോധക്ഷയം വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനത്തിനിടെ പകർത്തിയ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി, തുടർന്ന് പറവൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. കൂടാതെ, വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പറവൂരിലെ പൂജാ കേന്ദ്രത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെയുള്ള കാര്യങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!