തേക്കടി പുഷ്പമേളയ്ക്ക് തുടക്കം; 33 ദിവസം പൂക്കളുടെ വിരുന്ന് ……
കുമളി: പതിനെട്ടാമത് പുഷ്പമേളയ്ക്ക് ഭംഗിയാർന്ന തുടക്കമായി. കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ആരംഭിച്ച മേള 33 ദിവസം നീണ്ടുനിൽക്കും.
കുമളി ഗ്രാമപഞ്ചായത്ത്, തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10 മണിയോടെ മേളനഗറിലേക്ക് പ്രവേശനം ആരംഭിച്ചു. സംഘാടക സമിതി ചെയർമാൻ ടി.ടി. തോമസിൽ നിന്നും ആദ്യ ടിക്കറ്റ് സുരേഷ് റേഞ്ചർവുഡ് ഏറ്റുവാങ്ങി.
വൈകിട്ട് 6 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം.എം. വർഗീസ് അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പ്രൊഫ. ഷീല സ്റ്റീഫൻ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
മുപ്പതിനായിരം ചതുരശ്ര അടിയിലായി വ്യാപിച്ച പ്രദർശന മേഖലയിൽ ഒരുലക്ഷത്തിലധികം പൂച്ചട്ടികൾ സന്ദർശകരെ വരവേൽക്കുന്നു. ബോഗൻവില്ല, ആന്തൂരിയം, ഓർക്കിഡ് എന്നിവയുടെ മനോഹര ശേഖരങ്ങൾക്കൊപ്പം പഴവർഗ്ഗ തൈകളും അപൂർവ്വ സസ്യങ്ങളും മേളയിലെ പ്രധാന ആകർഷണങ്ങളാണ്.
മേളയോടനുബന്ധിച്ച് ജയൻ്റ് വീൽ, കൊളംബസ്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ, മെർമെഡ് ഷോ, ഗോസ്റ്റ് ഹൗസ് എന്നിവ ഉൾപ്പെടുത്തിയ അമ്യൂസ്മെൻറ് പാർക്കും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സായാഹ്നങ്ങളിൽ വിവിധ കലാസമിതികളുടെ കലാപരിപാടികളും അരങ്ങേറും.
പത്ത് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും അനാഥമന്ദിരങ്ങളിലെ അന്തേവാസികൾക്കും സൗജന്യ പ്രവേശനമാണ്. മറ്റ് സന്ദർശകർക്കുള്ള പ്രവേശന ഫീസ് 70 രൂപയാണ്.
രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. മെയ് 3-നാണ് പുഷ്പമേള സമാപിക്കുക.
