KFPSA ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി മേഖലാ സമ്മേളനങ്ങൾ നടത്തി
കുമളി: കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (KFPSA) ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേക്കടി, ഇടുക്കി, പീരുമേട് മേഖലാ സമ്മേളനങ്ങൾ മാർച്ച് 11, 12, 13 തീയതികളിലായി യഥാക്രമം തേക്കടി, കട്ടപ്പന, മുറിഞ്ഞപുഴ സ്റ്റേഷനുകളിൽ സംഘടിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് കെ. വിജയകുമാർ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോഷി ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർമാരായ കെ.പി. സിജിമോൾ, വി.സി. സെബാസ്റ്റ്യൻ, പി.പി. സുരേന്ദ്രൻ, വഹാബ് എസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യോഗങ്ങളിൽ റൂൾ ഭേദഗതികൾ അടിയന്തരമായി നടപ്പിലാക്കണമെന്നും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമാരുടെ (FBA) യൂണിഫോം പരിഷ്കരണത്തിൽ ഉണ്ടായ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ, എഫ്.ബി.എ.മാരെ ഉൾപ്പെടുത്തി വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും അവരുടെ പ്രമോഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സർക്കാർ ഉത്തരവ് പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടു.
സംരക്ഷണ വിഭാഗത്തിലെ ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും അവയെ കൂടുതൽ അന്തസ്സുള്ളതാക്കുകയും ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
യോഗങ്ങളിൽ 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
