April 15, 2026

Idukkionline

idukkivarthaonline

പീരുമേട് വികസന മുരടിപ്പിനെതിരെ എൻ.ഡി.എ കുമളിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

കുമളി: പീരുമേട് മേഖലയിലെ വികസന മുരടിപ്പിനും ഇടതു–വലതു മുന്നണികളുടെ അവഗണനയ്ക്കുമെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ കുമളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എൻ.ഡി.എ സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ല രൂപീകരിച്ച് 53 വർഷം പിന്നിട്ടിട്ടും പീരുമേട് മണ്ഡലം വികസന കാര്യത്തിൽ പിന്നാക്കാവസ്ഥയിലാണ് തുടരുന്നതെന്നാരോപിച്ചാണ് എൻ.ഡി.എ സമരം സംഘടിപ്പിച്ചത്. മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എമാർക്ക് പ്രദേശത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുക, വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുക, കുമളി പഞ്ചായത്തിലെ തോട്ടഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ടൂറിസം മേഖലയിലെ വൻ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, റെയിൽ-വിമാന ഗതാഗത സാധ്യതകൾ പഠിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും എൻ.ഡി.എ നേതാക്കൾ ആരോപിച്ചു.
ഹോളിഡേ ഹോം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കുമളി വില്ലേജ് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ ജില്ലാ ജനറൽ സെക്രട്ടറിയും പീരുമേട് നിയോജകമണ്ഡലം ഇൻചാർജുമായ സി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പീരുമേട് നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി ശേഖരിച്ച കുറ്റപത്രം ജില്ലാ പ്രസിഡന്റിന് കൈമാറുകയും ചെയ്തു.
പ്രതിഷേധത്തിന് എ.വി. മുരളി, അമ്പിളി രാജൻ, എസ്. അയ്യപ്പദാസ്, കെ.ഡി. അനീഷ്, സോണി ഇളപ്പുങ്കൽ, സനോജ് സരസർ, അഡ്വ. ഷൈൻ വർഗ്ഗീസ്, അഡ്വ. സ്റ്റീഫൻ ഐസക്, വിനോജ് കുമാർ, വിജയകുമാർ, കെ. കുമാർ, വി.എസ്. രതീഷ്, സന്തോഷ് കൃഷ്ണൻ എന്നിവരും നേതൃത്വം നൽകി സംസാരിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!