കൈക്കൂലി കേസിൽ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിൽ കവാടത്തിൽ സ്വീകരണം
കോട്ടയം: കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ) കെ.ജി. ബിജുവിന് ജയിൽ മോചിതനായപ്പോൾ ജയിൽ കവാടത്തിൽ ആവേശകരമായ സ്വീകരണം നൽകി ഒരു വിഭാഗം. കോട്ടയം ജില്ല ജയിലിന് മുന്നിലായിരുന്നു സംഭവം.
ബസ് ജീവനക്കാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഉൾപ്പെടെയുള്ളവർ വലിയ സംഘമായെത്തിയാണ് ബിജുവിനെ സ്വീകരിച്ചത്. പൂമാല അണിയിച്ച് മുദ്രാവാക്യം വിളിച്ചും കൈയടിയോടെയും സ്വീകരണം സംഘടിപ്പിച്ചു.
കെ.ജി. ബിജുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് സ്വീകരണത്തിൽ പങ്കെടുത്തവർ ആരോപിച്ചു. ഒരു മാസം മുമ്പ് ചേർത്തലയിൽ നിന്ന് 2,600 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലായിരുന്നു വിജിലൻസ് നടപടി. പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിൽ നിന്ന് ബസുകളിൽ ആളുകൾ കോട്ടയത്ത് എത്തിയാണ് സ്വീകരണത്തിൽ പങ്കെടുത്തത്. സംഭവത്തിൽ വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങൾ ഉയരുന്നതിനിടെ, കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
