വണ്ടൻമേട്ടിൽ ഹരിതസേന സ്കോളർഷിപ്പ് വിതരണം ചെയ്തു.
വണ്ടൻമേട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ നടപ്പാക്കി വരുന്ന വിദ്യാർത്ഥി ഹരിത സേന പദ്ധതിയുടെ ഭാഗമായി “ഇക്കോ സെൻസ് 2025” സ്കോളർഷിപ്പും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. പുറ്റടി എൻ.എസ്.പി നെഹ്റു സ്മാരക പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസൻ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു അക്കാട്ടുമുണ്ട അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകൾ കൈമാറുകയും സമൂഹത്തിൽ ശുചിത്വബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന വിദ്യാർത്ഥി ഹരിതസേന പദ്ധതിയുടെ ഭാഗമായാണ് സ്കോളർഷിപ്പ് വിതരണം നടത്തിയത്.
യു.പി വിഭാഗത്തിൽ ആറാം, ഏഴാം ക്ലാസുകളിലെയും ഹൈസ്കൂൾ തലത്തിൽ എട്ടും ഒൻപതും ക്ലാസുകളിലെയും ഹയർ സെക്കൻഡറി തലത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുത്ത 50 വിദ്യാർത്ഥികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ.എൻ. ശശി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി ശരവണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ രമേശ്, പി.ടി.എ പ്രസിഡന്റ് സജി കുന്നേൽ, ശുചിത്വമിഷൻ കോർഡിനേറ്റർ ജോസഫ് കെ.ജെ, പുറ്റടി എൻ.എസ്.പി ഹൈസ്കൂൾ പ്രധാനാധ്യാപകൻ സേതുനാഥ് പി. എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശുചിത്വമിഷൻ ജീവനക്കാർ, വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
