March 2, 2026

Idukkionline

idukkivarthaonline

ഗ്യാസ് കണക്ഷൻ നൽകാനെത്തിയ ജീവനക്കാർക്ക് ക്രൂര മർദ്ദനം; പ്ലാസ്റ്റിക് കയറിൽ കെട്ടിയിട്ട് തല്ലി, രണ്ടുപേർ അറസ്റ്റിൽ

കുമളി: ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ അണക്കര മേൽവാഴ വീട്ടിലായിരുന്നു സംഭവം. ഗ്യാസ് കണക്ഷനായി അപേക്ഷ നൽകിയ അതിഥി തൊഴിലാളികൾക്ക്
പുതിയ ഗ്യാസ് കണക്ഷൻ നൽകാൻ എത്തിയ വെള്ളാരംകുന്ന്
ഭാരത് ഗ്യാസ് ഏജൻസിയിലെ ജീവനക്കാരായ ജിസ്‌മോൻ സണ്ണി, 23 പ്രതീക്ഷ 26എന്നിവർക്കാണ് മർദ്ദനമേറ്റത്. മേൽ വാഴ വീട് പ്രദേശത്ത് പാൽപ്പാണ്ടിയുടെ നേതൃത്വത്തിൽ ഗാർഹിക ഗ്യാസ് വ്യാപകമായി കരിഞ്ചന്തയിൽ വിറ്റഴിച്ചിരുന്നു.
കണക്ഷൻ നൽകാനെത്തിയ ജീവനക്കാരെ പാൽപ്പാണ്ടിയും സംഘവും ചോദ്യം ചെയ്തതോടെ വാക്കുതർക്കം രൂക്ഷമാവുകയും അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു. ജിസ്‌മോനെ പാൽപ്പാണ്ടിയുടെയും മകൻ അശോകന്റെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് വീടിന്റെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ഇത് തടയാൻ ശ്രമിച്ച പ്രതീക്ഷയെയും ഇവർ ശാരീരികമായി ഉപദ്രവിച്ചു. നാട്ടുകാർ ഇടപെട്ടതോടെയാണ് അക്രമി സംഘം ജീവനക്കാരെ വിട്ടയച്ചത്.
പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ
സംഭവവുമായി ബന്ധപ്പെട്ട് മേൽവാഴവീട് സ്വദേശികളായ പാൽപ്പാണ്ടി, ഇയാളുടെ മകൻ അശോകൻ പാൽപ്പാണ്ടി എന്നിവരെ കുമളി പോലീസ് അറസ്റ്റ് ചെയ്തത്.
42,000 രൂപയും ഒന്നര പവന്റെ മാലയും ആക്രമികൾ കൈക്കലാക്കിയതായി മർദ്ദനമേറ്റവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മർദ്ദനമേറ്റ ജിസ്‌മോനും പ്രതീക്ഷയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!