June 21, 2026

Idukkionline

idukkivarthaonline

ഓപ്പറേഷൻ തൂഫാൻ:കുമളിയിൽ ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; ഒളിവിലായിരുന്ന പ്രതിയും വലയിലായി

കുമളി: സംസ്ഥാന വ്യാപകമായി ആഭ്യന്തരവകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനകളുടെ ഭാഗമായി കുമളിയിൽ ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ (19), കൊല്ലംപട്ടട കുന്നത്തുമലയിൽ വീട്ടിൽ സന്തോഷ് (23), അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ (22) എന്നിവരെയാണ് കുമളി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതിൽ കുറച്ചുകാലമായി പോലീസിനെ വെട്ടിച്ച് ഒളിവിലായിരുന്ന പ്രതിയും ഉൾപ്പെടുന്നു.മേഖലയിൽ കഴിഞ്ഞ കുറേ നാളുകളായി ഇവർ കഞ്ചാവ് വിൽപ്പന നടത്തിവരികയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. പെരുമ്പാവൂരിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പ്രതിയായ എബിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കഞ്ചാവ് ഒളിപ്പിച്ച വിവരം പുറത്തുവന്നത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എബിന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഒന്നരക്കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തത്.തൂഫാൻ സ്പെഷ്യൽ ഉദ്യോഗസ്ഥരായ മാരിയപ്പൻ, ഷിനോമോൻ, കുമളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് കുമാർ, സബ് ഇൻസ്പെക്ടർ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!