മംഗളാദേവി ഉത്സവ ക്രമീകരണങ്ങൾ ഒരുക്കുന്നത്തിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച.
കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന ഉത്സവത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്തിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച.
മംഗളാദേവിയിലേക്ക് പോകാൻ വാഹനം കിട്ടാതെ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പടെ ഭക്തരും നാട്ടുകാരും സഞ്ചാരികളും മണിക്കൂറുകളോളമാണ് കുമളിയിൽ പൊരിവെയിലിൽ കാത്തുനിന്നത്.പിന്നീട് വാഹനത്തിൽ കയറി യാത്ര തുടങ്ങിയവർ കാട്ടിനുള്ളിലെ ഗതാഗത കുരുക്കിലും ഏറെ നേരം കുടുങ്ങി കിടന്നു.
ഉത്സവം നടന്ന തിങ്കളാഴ്ച രാവിലെ നേരം പുലരുമ്പോൾ തന്നെ ക്ഷേത്രത്തിലേക്ക് പോകാനുള്ള ഭക്തരും നാട്ടുകാരും ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി കുമളിയിൽ നിറഞ്ഞിരുന്നു.
ഇവരുമായി പോകുന്നതിന് 600 വാഹനങ്ങൾക്കാണ് മോട്ടോർ വാഹന വകുപ്പ് പാസ്സ് നൽകിയിരുന്നത്.ആദ്യഘട്ടത്തിൽ വാഹനങ്ങൾ രാവിലെ 6.30 ഓടെ മoഗളാദേവിയിലേക്ക് പോയെങ്കിലും ഇവരുടെ വാഹനങ്ങൾ മുഴുവൻ ക്ഷേത്ര പരിസരത്തെ വാഹന കുരുക്കിൽ കുരുങ്ങി. കളക്ടർക്കൊപ്പം ക്ഷേത്ര പരിസരത്തേക്ക് റവന്യൂ, പോലീസ്, വനം, ആരോഗ്യ ഉദ്യോഗസ്ഥർക്കൊപ്പം ഉത്സവവുമായി ബന്ധമില്ലാത്ത
അളവ് തൂക്ക, പൊതുവിതരണ, ഫുഡ് ആൻറ് സേഫ്ടി തുടങ്ങി മുഴുവൻ സർക്കാർ വകുപ്പുകളിലേയും വാഹനങ്ങൾ എത്തി. 150ലധികം സർക്കാർ വാഹനങ്ങളിൽ ഉദ്യോഗസ്ഥർ മലമുകളിലെത്തിയതോടെ പ്രദേശമാകെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു.
ഇതിനിടെ ഭക്തരമായി ഒന്നിനു പിറകെ ഒന്നായി എത്തിയ വാഹനങ്ങൾ തിരിക്കാൻ പോലും സൗകര്യമില്ലാതെ മലയ്ക്കു മുകളിൽ മുതൽ പാതി വഴി വരെ കുടുങ്ങിയതോടെ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.
പോയ വാഹനങ്ങൾ മടങ്ങി വരാൻ മണികൂറുകൾ വൈകിയതോടെ കാത്തു നിന്ന ജനം അക്ഷമരായി പ്രതിഷേധമുയർന്നു. ജില്ലാ ഭരണകൂടത്തിൻ്റെ പിടിപ്പുകേട് കാരണമാണ് ഇതാദ്യമായി ഉദ്യോഗസ്ഥ സംഘം മംഗളാദേവിയിലേക്ക് ഉല്ലാസയാത്ര നടത്തി ഗതാഗത സ്തംഭനം സൃഷ്ടിച്ചതെന്ന് പ്രതിഷേധിച്ചവർ പറയുന്നു.
ക്ഷേത്ര പരിസരത്ത് പതിവിന് വിപരീതമായി തമിഴ്നാട് പോലീസ് മാത്രമാണ് ഉണ്ടായിരുന്നത്. മംഗളാദേവിയ്ക്ക് പോകാൻ പാസ്സ് വാങ്ങിയിരുന്ന വാഹനങ്ങളിൽ പലതും മലമുകളിലെ ഗതാഗത കുരുക്ക് ഭയന്ന് ഓട്ടം മതിയാക്കി സ്ഥലം വിട്ടത് പ്രതിസന്ധി രൂക്ഷമാക്കി.പതിവായി കാര്യങ്ങൾ ഏറ്റെടുത്ത് നടത്തിയിരുന്ന വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളെ ഇപ്രാവശ്യം അകറ്റി നിർത്തിയതും വിനയായി.
റവന്യൂ, പോലീസ്, വാഹന, ആരോഗ്യ വകുപ്പ്ഉദ്യോഗസ്ഥ സംഘത്തിൻ്റെ ഏകോപനമില്ലായ്മ ഭക്തരെയും സഞ്ചാരികളെയും ദുരിതത്തിലാക്കിയപ്പോൾ നാട്ടുകാരുടെ ഇടപെടൽ മാത്രമാണ് ആശ്വാസമായത്.
കൊടുംചൂടിൽ നാല് മണിക്കൂറിലധികം കാത്തു നിന്ന ഭക്തർക്കും മറ്റുള്ളവർക്കും കുമളി ശ്രീ ഗണപതി ഭദ്രകാളി ക്ഷേത്രം കമ്മറ്റി,കുമളി ഷംസുൽ ഇസ് ലാം ജമാഅത്ത് എന്നിവ വകയായി ഭക്ഷണവും സീനിയർ ചേമ്പർ വക കുടിവെള്ള വിതരണവും നടന്നു.
ഇതിനിടെ, കാട്ടിനുള്ളിലെ ഉത്സവത്തിനെത്തിയവർക്ക് ക്രമീകരണങ്ങളും സുരക്ഷയും കുടിവെള്ളവും ഒരുക്കി വനം വകുപ്പ്
സജീവമായി രംഗത്തുണ്ടായത് ആശ്വാസമായി.
