കുമളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ.
കുമളി: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ബസ്റ്റാൻ്റിൽ വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.
കുമളി റോസാപ്പൂക്കണ്ടം, കുളം ഭാഗത്ത് വനിതാ ഹൗസിൽ പ്രദീപ് (21) ആണ് പിടിയിലായത്.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ യുവാവ് നിരന്തരമായി ശല്യം ചെയ്തിരുന്നതായി പോലീസിനു ലഭിച്ച പരാതിയിൽ പറയുന്നു. ശല്യം കാരണം പെൺകുട്ടിയും കുടുംബവും വീടുമാറി താമസിച്ചിട്ടും ശല്യം തുടർന്നു.
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകാൻ, കുമളി ടൗണിലെ ബസ്റ്റാൻ്റിൽ ബസ്സ് കാത്തിരുന്ന പെൺകുട്ടിക്ക് പൂവുമായി പ്രദീപ് എത്തി. പെൺകുട്ടി ഇത് വാങ്ങാതിരുന്നതോടെ കത്തികാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും യുവാവിനെ തിരെ പോലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
