ഡിജിറ്റൽ സർവേ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാത്തിക്കുടി പഞ്ചായത്തിൽ ഈ മാസം 25 ന് യു ഡി എഫ് ഹർത്താൽ.
സംസ്ഥാനത്തെ ഭൂരേഖകൾ ഡിജെിറ്റെസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള സർവേയാണ് വാത്തിക്കുടി പഞ്ചായത്തിൽ നടക്കുന്നത്. പട്ടയമില്ലാത്ത ഭൂമിയുടെ കൈവശക്കാരന്റെ പേരോ അളവോ രേഖപ്പെടുത്താതെ സർവേ നടത്തുന്നതിനെതിരേ നേരത്തേ കർഷകർ പ്രതിഷേധിച്ചിരുന്നു.
തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പട്ടയമില്ലാത്ത വസ്തുവിന്റെ അളവും ഉടമയുടെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജൂലായ് നാലിലെ സർവേ ഭൂരേഖ വകുപ്പിലെ ഡി.എസ്.എൽ.ആർ / 4239/2022-ബി 9-പാർട്ട് (1) ഉത്തരവ് പ്രകാരം “പട്ടയമോ കൈവശരേഖയോ ഇല്ലാത്ത ഭൂമിയെ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം കൈവശ കോളത്തിലോ റിമാർക്സിലോ രേഖപ്പെടുത്തേണ്ടതില്ല ” എന്നാണ് സർവേ ഡപ്യൂട്ടി ഡയറക്ടർക്ക് ലഭിച്ച നിർദേശം. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ വാത്തിക്കുടി പഞ്ചായത്തിലെ ആയിരക്കണക്കിനു കർഷകർ കുടിയിറക്ക് ഭീഷണിയിലാണെന്ന് ഭാരവാഹികൾ വ്യക്തമാക്കുന്നു.ഇതേ തുടർന്നാണ് ഡിജിറ്റൽ സർവേ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 25 ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വാത്തിക്കുടി പഞ്ചായത്തിൽ ഹർത്താൽ നടത്തുമെന്ന് കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഹർത്താലിന് മുന്നോടിയായി ജൂലൈ 18 ന് ഇടുക്കി കളക്ട്രേറ്റിനു മുന്നിൽ ജനകീയ ധർണ്ണ സംഘടിപ്പിക്കും.

