കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായ് ഒരാൾ ഫോറസ്റ്റിന്റെ പിടിയിൽ .
കുമളി: കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായ് ഒരാൾ പിടിയിലായി. ചെന്നാക്കുളം നടയിടത്ത് ബാബു (57) വാണ് വനംവകുപ്പ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്തതും ചെയ്യാത്തതുമായ അഞ്ച് കിലോ മ്ലാവ് ഇറച്ചി കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുപകരണങ്ങൾ കണ്ടെടുത്തത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി മുതൽ പ്രത്യേക സംഘം മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
പാകം ചെയ്ത നിലയിൽ രണ്ട് കിലോ ഇറച്ചിയും, ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൂന്നു കിലോ ഇറച്ചിയും കണ്ടെടുത്തതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. പരിശോധനക്കിടെ
ഇയാളുടെ പക്കൽ നിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് എക്‌സൈസ് സംഘവും സ്ഥലത്തെത്തി.
എക്‌സൈസും പ്രതിക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായും തിരച്ചിൽ പുരോഗമിക്കുകയാണ്.
