അയ്യപ്പന്‍കോവില്‍ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തില്‍ മുങ്ങല്‍ വിദഗ്ദ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
തലയോട്ടി കിടന്നിരുന്ന ഭാഗത്ത് മറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടോയെന്നാണ് പരിശോധിച്ചത്.പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥരാണ് രണ്ട് മണിക്കൂറോളം ജലാശയത്തില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ 29 ന് രാവിലെ 8 ന് തൂക്കുപാലത്തിന് സമീപത്ത് മീന്‍ പിടിക്കാനെത്തിയവരുടെ വലയിലാണ് പഴക്കം തോന്നിക്കുന്ന തലയോട്ടി കുടുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തലയോട്ടി ഫോറന്‍സിക് പരിശോധനകള്‍ക്കായി കോട്ടയത്തിന് അയച്ചെങ്കിലും പരിശോധനാ ഫലം എത്താന്‍ വൈകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മഹാപ്രളയത്തിലും കഴിഞ്ഞ കാലവര്‍ഷത്തിലും പെരിയാറിന്റെ കരയിലുള്ള ശ്മശാനങ്ങളില്‍ വ്യാപകമായി വെള്ളം കയറിയിരുന്നു.
ഇവിടെ ഒഴുകിയെത്തി തീരത്ത് അടിഞ്ഞതാകാം കണ്ടു കിട്ടിയ തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം സമീപത്തെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും കാണാതായ ആളുകളുടെ വിവരം ശേഖരിച്ചും അന്വേഷണം നടത്തും.തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി പഴക്കവും മറ്റ് അടയാളങ്ങളും വ്യക്തമായ ശേഷമാകും നടപടികളിലേയ്ക്ക് കടക്കുക.
